കയ്പമംഗലം കുടുംബാരോഗ്യകേന്ദ്രത്തിന് ദേശീയ ഗുണനിലവാര അംഗീകാരം
1599246
Monday, October 13, 2025 1:18 AM IST
കാളമുറി: കയ്പമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണനിലവാര അംഗീകാരം.
ആരോഗ്യ കേന്ദ്രങ്ങളുടെ കാര്യക്ഷമത വ്യക്തമാക്കിയാണ് കയ്പമംഗലം കുടുംബ ആരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് എൻക്യുഎഎസ് അംഗീകാരം ലഭിച്ചത്.
ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ച സംസ്ഥാനത്തെ മുഴുവൻ ആരോഗ്യകേന്ദ്രങ്ങളിൽ 97.89 ശതമാനം എന്ന മികച്ച മാർക്ക് കരസ്ഥമാക്കിയാണ് കയ്പമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് അംഗീകാരം സിദ്ധിച്ചതെന്ന് അധികൃതർ അറിയിച്ചു.
ഒപി സംവിധാനം, ലബോറട്ടറി, ദേശീയ ആരോഗ്യ പരിപാടി, ജനറല്‍ അഡ്മിനിസ്ട്രേഷന് എന്നീ വിഭാഗങ്ങളിലായി അടിസ്ഥാന സൗകര്യങ്ങള്‍, പ്രധാന സേവനങ്ങള്‍, ഇന്ഫെക്ഷന് കണ്ട്രോള്, ശുചിത്വം, ഗുണമേന്മ, രോഗീ സൗഹൃദ അന്തരീക്ഷം എന്നിവ വിലയിരുത്തിയാണ് ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ ഗുണമേന്മ അംഗീകാരം നല്‍കുന്നത്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ദേശീയതലത്തിലും നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്.
എൻക്യുഎഎസ്, ലക്ഷ്യ അംഗീകാരത്തിന് മൂന്ന് വർഷത്തെ കാലാവധിയാണുളളത്. മൂന്ന് വർഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുനഃപരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും.