ഒല്ലൂരിൽ റപ്പായേൽ മാലാഖയുടെ തിരുനാളിന് ഒരുക്കങ്ങളായി
1598982
Sunday, October 12, 2025 12:39 AM IST
ഒല്ലൂർ: സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ പ്രസിദ്ധമായ വിശുദ്ധ റപ്പായേല്‍ മാലാഖയുടെ 189-ാ മത് തിരുനാളിന് ഒരുക്കങ്ങൾ പൂര്‍ത്തിയായതായി വികാരി ഫാ. വർഗീസ് കുത്തൂർ പത്രസമ്മേളനത്തിൽ അറിയിച്ചു.
15നു തിരുനാൾ കൊടിയേറും. വൈകീട്ട് അഞ്ചിനു ലദീഞ്ഞ്, ആഘോഷമായ ദിവ്യബലി, നൊവേന എന്നിവയ്ക്കുശേഷം വികാരി ഫാ. വർഗീസ് കുത്തൂർ കൊടിയേറ്റം നിർവഹിക്കും. തുടര്‍ന്ന് ഒമ്പതു ദിവസങ്ങളില്‍ നവനാള്‍ തിരുക്കര്‍മങ്ങള്‍.
22നു വൈകീട്ട് നാലിന് ദിവ്യബലി, മാലാഖയുടെ ദാസി-ദാസൻ സമർപ്പണം, വളസമർപ്പണം. ഫാ. ആന്റണി ചിറ്റിലപ്പിള്ളി കാർമികത്വം വഹിക്കും.രാത്രി ഏഴിനു ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ നിര്‍വഹിക്കും.
23 നു രാവിലെ ആറിനും 7.30 നും 10.30 നും ദിവ്യബലി. വൈകീട്ട് നാലിനു പൊന്തിഫിക്കല്‍ ദിവ്യബലിക്കും കൂടുതുറക്കൽ ശുശ്രൂഷയ്ക്കും സീറോ മലബാർ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാർ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടർന്ന് നേര്‍ച്ചഭക്ഷണ ആശീര്‍വാദം. നേർച്ചഭക്ഷണവിതരണം രാത്രി 10 വരെ തുടരും. വിവധ മേഖലകളില്‍നിന്നുള്ള വളയെഴുന്നള്ളിപ്പ് രാത്രി 11 നു പള്ളിയില്‍ സമാപിക്കും.
പ്രധാന തിരുനാള്‍ദിനമായ 24നു രാവിലെ ആറുമുതൽ തുടർച്ചയായ ദിവ്യബലി. 10ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്കു വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോണ്സണ് അന്തിക്കാട്ട് സന്ദേശം നല്‍കും. ഫാ. ഗോഡ്വിൻ ചെമ്മണ്ട സഹകാർമികനാകും.
ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന ദിവ്യബലിക്ക് ഒല്ലൂര്‍ ഇടവകയിലെ വൈദികര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് തിരുനാള്പ്രദക്ഷണം.
25 നു രാവിലെ ആറിനു ദിവ്യബലി, നൊവേന, 7.30 ന് ഇടവകയില്‍നിന്നു മരിച്ചവര്‍ക്കുവേണ്ടിയുള്ള റാസകുര്‍ബാന.
26നു രാത്രി ഏഴിനു ജീവകാരുണ്യപ്രവര്ത്തനഫണ്ട് വിതരണം മന്ത്രി കെ. രാജന് നിര്‍വഹിക്കും. തുടര്‍ന്ന് തിരുനാളിന്റെ ഭാഗമായുള്ള സാംസ്കാരിക കലാപരിപാടികള്‍ക്കു മന്ത്രി തുടക്കംകുറിക്കും. 31 വരെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. 30ന് പ്രസിദ്ധ സംഗീതസംവിധായകന് ഔസേപ്പച്ചന് ഉള്‍പ്പെടെയുള്ള മുന്ഗായകസംഘാംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് "ദേവദൂതര്ക്കൊപ്പം ഔസേപ്പച്ചനും' എന്ന സംഗീതപരിപാടി നടത്തും. ഔസേപ്പച്ചന് ആദരവും നല്‍കും. 31 ന് എട്ടാമിടം ആഘോഷിക്കും.
അസിസ്റ്റന്റ് വികാരി ഫാ. തേജസ് കുന്നപ്പിള്ളിൽ, ട്രസ്റ്റിന്മാരായ ആന്റണി ജോര്‍ജ് അക്കര, ജോഫി ജോസ് ചിറമ്മല്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജസ്റ്റിന് പെരൂട്ടി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
നേർച്ചഊട്ട്
ലക്ഷംപേർക്ക്
ഒല്ലൂർ: മാലാഖയുടെ തിരുനാളിന് ഇത്തവണ ഒരു ലക്ഷംപേർക്ക് നേർച്ച ഊട്ടുസദ്യ ഒരുക്കും. 23നു വൈകീട്ട് 5.30 മുതൽ 10.30 വരെയും 24 നു രാവിലെ എട്ടുമുതൽ ഉച്ചയ്ക്കു രണ്ടുവരെയുമാണ് നേർച്ച ഊട്ട് വിതരണം. നേർച്ച ഊട്ടിനു വിപുലമായ ക്രമീകരണങ്ങളാണ് മാലാഖയുടെ പന്തലിൽ ഒരുക്കുന്നത്.