നഗരസഭാ യോഗത്തിൽനിന്നും സസ്പെൻഡ് ചെയ്തു
1494287
Saturday, January 11, 2025 1:24 AM IST
ചാലക്കുടി: നഗരസഭ കൗൺസിൽ യോഗത്തിൽ ചെയർമാന്റെ ഇരിപ്പിടത്തിനു മുൻപിൽ വന്നിരുന്ന് ചെയർമാനെതിരെ മുദ്രാവാക്യം മുഴക്കി കൗൺസിൽ നടപടികൾ തടസപ്പെടുത്തിയ ഭരണകക്ഷി അംഗം വത്സൻ ചമ്പക്കരയെ സസ്പെൻഡ് ചെയ്താതായി ചെയർമാൻ എബി ജോർജ് അറിയിച്ചു. ഇതെതുടർന്ന് വത്സൻ ചമ്പക്കരയെ പിന്തുണച്ച് സ്വതന്ത്ര അംഗം വി.ജെ. ജോജി കൗൺസിലിൽ ബഹളംവച്ചു. ഭരണകക്ഷി അംഗങ്ങളുമായി തർക്കം രൂക്ഷമായതോടെ ചെയർമാൻ കൗൺസിൽ യോഗം അവസാനിപ്പിച്ചു.
വത്സൻ ചമ്പക്കരയോട് യുഡിഎഫ് പാർലമെന്ററി പാർട്ടി വിശദീകരണം തേടുവാൻ തീരുമാനിച്ചു. മറുപടി ലഭിച്ചതിന് ശേഷം തുടർനടപടി തീരുമാനിക്കും. തീരുമാനമാവുന്നതുവരെ പാർലിമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുപ്പിക്കില്ല. കോൺഗ്രസ് പാർട്ടി നേതൃത്വത്തിനും ഇത് സംബന്ധിച്ച് കത്ത് നൽകും.
2025-26 വർഷത്തെ 3.73 കോടി രൂപയുടെ ആക്ഷൻ പ്ലാനിനും ലേബർ ബജറ്റിനും കൗൺസിൽ അംഗീകാരം നൽകി.
സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 3.40 ലക്ഷം രൂപ ചെലവിൽ 27ാം വാർഡിലെ പറയാംകുളം റോഡ് നിർമാണം, 3.64 ലക്ഷം രൂപ ചെലവിൽ 28ാം വാർഡിലെ അങ്കണവാടി ഇടവഴി റോഡ് നിർമാണം, 9.20 ലക്ഷം രൂപ ചെലവിൽ 27ാം വാർഡിലെ കോട്ടാറ്റ് പാടം തേമാലി റോഡ് നിർമാണം എന്നീ പ്രവൃത്തികൾക്ക് കൗൺസിൽ അംഗീകാരം നൽകി.
ചാത്തൻകുളം - 30.30 ലക്ഷം, കടമ്പോട്ട് കുളം - 35.35 ലക്ഷം, കാളഞ്ചിറ കുളം - 10.10 ലക്ഷം, വെട്ടിശ്ശേരികുളം - 6.60 ലക്ഷം, പെരിയച്ചിറ കുളം -25.30 ലക്ഷം, കുമരംചിറ കുളം - 5.50 ലക്ഷം, കോരൻചിറ കുളം - 28.30 ലക്ഷം പൊതുകുളങ്ങൾ നവീകരിക്കാൻ തുക അനുവദിച്ചു.
വി.ആർ. പുരം കമ്യൂണിറ്റി ഹാളിന്റെ വികസനത്തിനായി മുൻഭാഗത്തുള്ള സ്ഥലം ഏറ്റെടുക്കുന്ന നടപടിക്ക് കൗൺസിൽ അംഗീകാരം നൽകി.
രജിസ്ട്രേഷൻ ചെലവിനുള്ള തുകയും കൗൺസിൽ അനുവദിച്ചു.