വി.കെ.എന്നിന്റെ കസേര ഇനി പീഠത്തിൽ, പുസ്തകങ്ങൾ ചില്ലുകൂട്ടിലും
1494004
Friday, January 10, 2025 1:35 AM IST
തിരുവില്വാമല: ചിരിയുടെയും ചിന്തയുടെയും അക്ഷരങ്ങൾകൊണ്ട് മലയാളസാഹിത്യത്തെ വിശ്വസാഹിത്യത്തോടുചേർത്തുനിർത്തിയ വടക്കേകൂട്ടാല നാരായണൻകുട്ടിനായർ അഥവാ വി.കെ.എന്നിന്റെ ഇരിപ്പിടമായിരുന്ന കസേരയ്ക്ക് മാന്യസ്ഥാനം.
തിരുവില്വാമലയിലെ വടക്കേകൂട്ടാല തറവാടിന്റെ കോലായിലിരുന്ന് നാണ്വാരെക്കുറിച്ചും ചാത്തൻസിനെപ്പറ്റിയുമൊക്കെ എഴുതിയത് ഈ കസേരയിലിരുന്നാണ്. ആ കസേരയ്ക്ക് സംരക്ഷണമൊരുക്കിയത് വി.കെ.എന്നിന്റെ ആരാധകനായ പ്രവാസി, കൊടുങ്ങല്ലൂർ കോണത്തുകുന്ന് സ്വദേശി പ്രദീപ് സിദ്ധാർഥനാണ്. വി.കെ.എന്നിന്റെ കസേര വെറുതെ സ്മാരക മന്ദിരത്തിൽവച്ചാൽ പോരെന്നു തോന്നിയതുകൊണ്ടാണ് പീഠം ഒരുങ്ങിയത്. വികഐന്നിന് ലഭിച്ച പുരസ്കാരങ്ങളും അദ്ദേഹത്തിന്റെ സാധനസാമഗ്രികളും സൂക്ഷിക്കാൻ ഒരു ചില്ല് അലമാരയും പ്രദീപ് സ്മാരകത്തിൽ പണികഴിപ്പിച്ചിട്ടുണ്ട്.
പ്രദീപിന്റെ ശേഖരത്തിൽ വി.കെ.എൻ കഥകളുടെ വലിയൊരു ശേഖരം തന്നെയുണ്ട്. ഈ വരുന്ന 25ന് വി.കെ.എന്നിന്റെ ഇരുപത്തിയൊന്നാം അനുസ്മരണദിനമാണ്. അന്നുനടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ വിദേശത്തുള്ള പ്രദീപ് തിരുവില്വാമലയിലെത്തും.