അലഞ്ഞുനടക്കുന്ന കന്നുകാലികളെ ലേലം ചെയ്യണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് നിവേദനം
1493710
Thursday, January 9, 2025 1:20 AM IST
പാലപ്പിള്ളി: പുലിശല്യം രൂക്ഷമായ വരന്തരപ്പിള്ളി പഞ്ചായത്തിന്റെ മലയോര തോട്ടം മേഖലയില്‍ അലഞ്ഞുനടക്കുന്ന കന്നുകാലികളെ പിടികൂടി ലേലം ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി. ഉടമസ്ഥരില്ലാത്ത 1500ലേറെ കന്നുകാലികളാണ് പാലപ്പിള്ളി തോട്ടം മേഖലയില്‍ അലഞ്ഞുനടക്കുന്നത്. ജനവാസ മേഖലയില്‍ പുലിയിറങ്ങി ഇവയെ പിടികൂടുന്നതു പതിവായിരിക്കുകയാണ്. പ്രദേശത്ത് പുലിയിറങ്ങാനാനുള്ള പ്രധാന കാരണം അലഞ്ഞുനടക്കുന്ന കന്നുകാലികളാണെന്നാണ് ആരോപണം.
രാവിലെ തോട്ടങ്ങളിലും വനാതിര്‍ത്തികളിലും തീറ്റതേടി ഇറങ്ങുന്ന കന്നുകാലികള്‍ രാത്രിയോടെയാണ് തൊഴിലാളികളുടെ പാഡികള്ക്കരികിലും വഴിയോരത്തും ചേക്കേറുന്നത്. രാത്രികളില്‍ പുലിയിറങ്ങി ഇവയെ പിടികൂടുന്നത് പതിവായതോടെ നാട്ടുകാരും ആശങ്കയിലാണ്. തോട്ടം തൊഴിലാളികളാണ് ഇവയെ വളര്‍ത്തുന്നത്. ഒറ്റമുറി പാഡിയില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്ക് കന്നുകാലികളെ കെട്ടിയിട്ട് വളര്‍ത്താനുള്ള സാഹചര്യവും നിലവിലില്ല. പുലി പിടികൂടി കൊല്ലുന്ന പശുക്കളെ ഏറ്റെടുക്കാനും ഉടമസ്ഥരില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്.
പാലപ്പിള്ളി കുള്ളന്‍ എന്നറിയപ്പെടുന്ന നാടന്‍ പശുക്കളാണ് മേഖലയിലുള്ളത്. ഇവയ്ക്ക് കുളമ്പുരോഗത്തിനു കുത്തിവയ്പ് നടത്താനും ഏറെ പ്രയാസമാണു മൃഗസംരക്ഷണവകുപ്പ് നേരിടുന്നത്. പശുക്കളെ പിടികൂടാന്‍ കാടിറങ്ങുന്ന പുലികള്‍ മനുഷ്യരെ ആക്രമിക്കുമോയെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്. തോട്ടങ്ങളില്‍ ടാപ്പിംഗിനെത്തുന്ന തൊഴിലാളികള്‍ ഭീതിയോടെയാണു പണിക്കിറങ്ങുന്നത്. മേഖലയില്‍ കെട്ടിയിട്ട് വളര്‍ത്താത്ത കന്നുകാലികളെ പിടികൂടി കൂട്ടത്തോടെ ലേലം ചെയ്ത് ഒഴിവാക്കണമെന്നാണ് ആവശ്യം.
അലഞ്ഞുനടക്കുന്ന കന്നുകാലികളെ ഒഴിവാക്കി പ്രദേശത്തെ പുലിശല്യത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ സുരേഷ് ചെമ്മനാടന്‍ ജില്ലാ കളക്ടര്‍ക്കും വരന്തരപ്പിള്ളി പഞ്ചായത്തിനും നി വേദനം നല്കി.