ഉത്സവാഘോഷങ്ങൾ ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു: മന്ത്രി വി.എൻ. വാസവൻ
1493706
Thursday, January 9, 2025 1:20 AM IST
പുന്നംപറമ്പ്: ഉത്സവാഘോഷങ്ങൾ ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഒരു കോടി രൂപ ചെലവഴിച്ച് പുതിയതായി നിർമിച്ച നടപ്പുര - ഗോപുര സമർപ്പണത്തോടനുബന്ധിച്ച് നടന്ന സമർപ്പണ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് മതനിരപേക്ഷത നിലനിൽക്കണം. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. മച്ചാട് മാമാങ്കം നാനാജാതി മതസ്ഥരുടെ ആഘോഷമാണ്. ക്ഷേത്രങ്ങളിലെ ഒരു രൂപപോലും സർക്കാർ എടുക്കുന്നില്ല. പക്ഷേ, ക്ഷേത്രങ്ങളിലെ വരുമാനം മുഴുൻ സർക്കാർ എടുക്കുന്നുവെന്ന് തെറ്റായപ്രചാരണം നടക്കുന്നുണ്ട്. ഭക്തർ അതു തള്ളിക്കളയണം - മന്ത്രി കൂട്ടി ചേർത്തു. ചടങ്ങിൽ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ്് എ. സി. കണ്ണൻ അധ്യക്ഷത വഹിച്ചു.
ക്ഷേത്രത്തിലെ ദീപാലങ്കാര സ്വിച്ച് ഓൺ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിർവഹിച്ചു. ക്ഷേത്രത്തിന്റെ മൂന്നാംഘട്ട പുനരുദ്ധാരണ പ്രവർത്തനോദ്ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്് ഡോ. സുദർശൻ നിർവഹിച്ചു. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ ശില്പികളെ ആദരിച്ചു.
അരീക്കരഇല്ലം എ.പി. കൃഷ് ണകുമാർ ഇളയത് ആമുഖപ്രഭാഷണം നടത്തി. എം.എസ്. ജയകുമാർ, മുരളീധരൻ, പ്രേംരാജ് ചൂണ്ടാലാത്ത്, സി.വി. സുനിൽകുമാർ, സി. സുരേഷ്, എസ്. ആർ. ഉദയകുമാർ, കെ. രാമചന്ദ്രൻ, രഘു പാലിശേരി, ശിവദാസ് കോ ട്ടയിൽ, മനുദേവ് തുടങ്ങിയവർ പ്രസംഗിച്ചു.
ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തിൽ മന്ത്രിക്ക് ഉപഹാരം നൽകി. തുടർന്ന് ചോറ്റാനിക്കര സുഭാഷിന്റെ നേതൃത്വത്തിൽ പഞ്ചവാദ്യവും തുടർന്ന് പ്രസാദ ഊട്ടും നടന്നു.