ഒല്ലൂര്‍ വികസനം: വ്യാപാരികള്‍ സമരത്തിലേക്ക്
1494281
Saturday, January 11, 2025 1:24 AM IST
ഒല്ലൂര്‍: ജംഗ്ഷന് വികസനം സംബന്ധിച്ച് ഇനിയും കാര്യങ്ങള്‍ക്കു വ്യക്തതയില്ലാത്തതിനാ ലും പുനരധിവാസം ആരു നടപ്പിലാക്കും എന്നതിനു കൃത്യമായ ഉത്തരം ഇല്ലാത്ത സാഹചര്യത്തിലും, വ്യാപാരികളുടെ ആശങ്കകള്‍ക്കു പരിഹാരം കണ്ടശേഷംമാത്രം പദ്ധതി നടപ്പിലാക്കുക എന്നാവശ്യപ്പെട്ട് ഒല്ലൂര്‍ സെന്ററിലെ വ്യാപാരികള്‍ സമരത്തിന്.
സമരത്തിന്റെ ഭാഗമായി ചൊവ്വാഴ്ച നാലിന് ഒല്ലൂര്‍ വ്യാപാരിവ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ ഒല്ലൂര്‍ സെന്ററില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും.
ഒല്ലൂര്‍ സെന്റര്‍ വികസനം സംബന്ധിച്ച് കഴിഞ്ഞ ദിവസം മന്ത്രി കെ. രാജന്റെ നേതതൃത്വത്തില്‍ ഭുമി നഷ്ടപ്പെടുന്നവരുടെ യോഗം വിളിച്ചുചേര്‍ത്തെങ്കിലും യോഗത്തില്‍ വ്യാപാരികള്‍ ഉയര്‍ത്തിയ ആശങ്കകള്‍ക്കു കൃത്യമായ ഉത്തരം ഇനിയും ലഭിച്ചിട്ടില്ല. ഭൂമി നഷ്ടപ്പെടുന്നവര്‍ക്കും വാടകക്കാര്‍ക്കും ജീവനക്കാര്‍ക്കും നഷ്ടപരിഹാരം കൊടുക്കും എന്നു പറഞ്ഞതല്ലാതെ ആര്‍ക്ക് എത്ര ഭൂമി നഷ്ടപ്പെടും എന്നതു സംബന്ധിച്ചോ കച്ചവടം നഷ്ടപ്പെടുന്നവരെ ആരു പുനരധിവസിപ്പിക്കും എന്നതു സംബന്ധിച്ചോ കൃത്യമായ മറുപടി കോര്‍പറേഷന്റെ ഭാഗത്തുനിന്നോ ഒല്ലൂര്‍ എംഎല്‍എ കൂടിയായ മന്ത്രി കെ. രാജന്റെ ഭാഗത്തുനിന്നോ ലഭിച്ചിട്ടില്ല എന്നാണ് വ്യാപാരികളുടെ പരാതി.
സ്ഥലം വിട്ടുനല്‍കിയശേഷം പുനരധിവാസം നടപ്പിലാക്കാതിരിക്കുമോ എന്ന ആശങ്കയും വ്യാപാരികള്‍ക്കുണ്ട്. അതിനാല്‍ നഷ്ടപരിഹാരവും പുനരധിവാസവും നടപ്പിലാക്കിയശേഷം ഭൂമി വിട്ടുനല്‍കാന്‍ കഴിയുകയുള്ളൂ എന്നാണ് വ്യാപാരികളുടെ നിലപാട്.
ആരാണ് ഇവര്‍ക്കു പുനരധിവാസം നടപ്പിലാക്കിക്കൊടുക്കുക എന്നതുസംബന്ധിച്ച് വ്യക്തമായ മറുപടി കോര്‍പറേഷന്റെ ഭാഗത്തുനിന്നും ഉണ്ടാവാത്തതും കച്ചവടക്കാരെ ആശങ്കയിലാക്കുകയാണ്.
തങ്ങള്‍ വികസനത്തിനെതിരല്ല. എന്നാല്‍ കച്ചവടസ്ഥാപനങ്ങളെ നിലനിര്‍ത്തിക്കൊണ്ടുള്ള വികസനംവേണം നടപ്പിലാക്കാന്‍ എന്നാവശ്യപ്പെട്ടുകൊണ്ടാ ണു വ്യാപരികള്‍ സമരത്തിനിറങ്ങുന്നത്. ചൊവ്വാഴ്ച ഒല്ലൂരിലെ വ്യാപാരികള്‍ വൈകീട്ട് നാലുമുതല്‍ കടകള്‍ അടച്ചിടുമെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യാപാരി വ്യവസായി ഒല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് സുനിഷ് ജോണ്സണ്, കൺവീനര്‍ കെ.ബി. ജോഷി, ട്രഷറര്‍ റാഫി വടക്കേത്തല എന്നിവര്‍ അറിയിച്ചു.