നടാംപാടത്ത് കാട്ടാനകള്‍ വാഴക്കൃഷി നശിപ്പിച്ചു; ഭീതിപരത്തുന്നത് ഏഴ് ആനകള്‍
1494007
Friday, January 10, 2025 1:35 AM IST
പാലപ്പിള്ളി: നടാംപാടത്ത് കാട്ടാനകള്‍ ഇറങ്ങി വാഴക്കൃഷി നശിപ്പിച്ചു. കള്ളിച്ചിത്ര ആദിവാസിനഗറില് വേങ്ങക്കല്‍ തങ്കച്ചന്റെ തോട്ടത്തിലാണ് ആനകള്‍ ഇറങ്ങിയത്. വിളവെടുക്കാറായ മുപ്പതോളം നേന്ത്രവാഴകള്‍ ആനകള്‍ പിഴുതെറിഞ്ഞു. വനാതിര്‍ത്തിയിലെ സൗരോര്‍ജവേലി തകര്‍ത്താണ് ആനകള്‍ ജനവാസമേഖലയില്‍ എത്തിയത്.
പിള്ളത്തോട് ഭാഗത്തെ റോഡ് മുറിച്ചുകടന്നെത്തിയ ഏഴ് ആനകള്‍ മേഖലയില്‍ ഭീതിപരത്തുന്നത് പതിവാണ്. റബര്‍തോട്ടത്തിലൂടെ എത്തിയ ആനകളാണ് മേഖലയില്‍ കൃഷി നശിപ്പിക്കുന്നത്. മലയോര കര്‍ഷകസംരക്ഷണസമിതി പ്രവര്‍ത്തകരും വാച്ചര്‍മാരും ഈ ആനകളെ കാടുകയറ്റാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും വീണ്ടും ഇവ നാട്ടിലിറങ്ങുകയാണ്.
വാഴകള്‍ നശിപ്പിച്ച ആനകള്‍ വീണ്ടും വരാന്‍ സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പകല്‍സമയത്ത് റബര്‍ തോട്ടങ്ങളില്‍ നിലയുറപ്പിക്കുന്ന ആനകള്‍ രാത്രിയിലാണ് കൃഷിയിടങ്ങളില്‍ ഇറങ്ങുന്നത്.
ജനവാസ മേഖലയില്‍ ഇറങ്ങി നാശംവിതയ്ക്കുന്ന ആനകളെ കാടുകയറ്റാന്‍ വനപാലകര്‍ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.