പിണ്ടിപ്പെരുന്നാൾ: എല്ലാം പരിസ്ഥിതിസൗഹൃദം
1494285
Saturday, January 11, 2025 1:24 AM IST
ഇരിങ്ങാലക്കുട: കത്തീഡ്രലിലെ തിരുസ്വരൂപങ്ങള്‍ പ്രതിഷ്ഠിക്കുന്ന രൂപക്കൂടുകളും നേര്ച്ചപ്പായ്ക്കറ്റുകളും ഒരുക്കിയത് എല്ലാം പരിസ്ഥിതിസൗഹൃദപരമായി. തിരുനാള്‍ പരിസ്ഥിതിസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണിത്.
ഒരു ലക്ഷത്തോളം പേര്‍ക്കാണ് നേര്‍ച്ച ഒരുക്കിയിരിക്കുന്നത്. പ്രധാന നേര്‍ച്ചയായ ഉണ്ണിയപ്പം വാഴയിലയിലാണ് നല്‍കുന്നത്. തിരുസ്വരൂപങ്ങള്‍ പ്രതിഷ്ഠിക്കുന്ന രൂപക്കൂടുകളുടെ അലങ്കാരവും വര്ണക്കടലാസുകളിലാണ്. പള്ളിയിലെ ജീവനക്കാരനായ സാബു താണിയത്ത് രണ്ടാഴ്ചയോളമാണ് രൂപക്കൂടുകള്‍ അലങ്കരിക്കാനെടുത്തത്. പത്തുവര്‍ഷമായി സാബു തന്നെയാണ് പിണ്ടിപ്പെരുന്നാളിനു രൂപക്കൂടുകള്‍ ഒരുക്കുന്നത്.
വലിയങ്ങാടി അമ്പ് ഫെസ്റ്റ്
വലിയങ്ങാടി അമ്പ് ഫെസ്റ്റ് രാത്രി ഏഴിനു മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സ്ട്രീറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായി ഠാണാ മുതല്‍ ആല്‍ത്തറ വരെയുള്ള മെയിന്‍ റോഡില്‍ പത്തു വേദികളിലായി വിവിധ കലാപരിപാടികള്‍ അരങ്ങേറും. നാടന്‍പാട്ട്, ഗാനമേള, സാക്സഫോണ് ബാൻഡ്, ചാക്യാര്‍കൂത്ത്, വയലിന് ചെണ്ട ഫ്യൂഷന്‍, കച്ചേരി, ഇന്‍സ്ട്രുമെന്റല്‍ ബാൻഡ്, ഡിജെ വാട്ടര്‍ ഡ്രംസ് തുടങ്ങി നിരവധി കലാപ്രകടനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
രാത്രി പത്തിന് ആല്‍ത്തറ പരിസരത്തുനിന്നും അമ്പെഴുന്നെള്ളിപ്പ് ആരംഭിക്കും. വലിയങ്ങാടി സ്ട്രീറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള 115 അടി ഉയരമുള്ള ബഹുനിലപ്പന്തലിന്റെ സ്വിച്ച്ഓണ്‍ കര്‍മം മുൻ എംഎൽഎ കെ.യു. അരുണൻ നിർവഹിച്ചു. സ്ട്രീറ്റ് ലൈറ്റിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു.
കോമ്പാറ അമ്പ് ഫെസ്റ്റ്
കോമ്പാറ അമ്പ് ഫെസ്റ്റ് രാത്രി ഏഴിനു മണ്ണാര്‍ക്കാട് അഡീഷണല്‍ ജില്ലാ ജഡ്ജ് ജോമോന് ജോണ്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ കണ്‍വീനര്‍ ഷാജു പാറേക്കാടന്‍ അധ്യക്ഷത വഹിക്കും. ഹൃദയ പാലിയേറ്റീവ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ഷാജു ചിറയത്ത്, നഗരസഭാ കൗണ്‍സിലര്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, മിനി ജോസ് കാളിയങ്കര, തോമസ് കോട്ടോളി എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് കോമ്പാറ കപ്പേളയ്ക്കുസമീപം ഒരുക്കിയ വേദിയില്‍ കലാപരിപാടികള്‍ അരങ്ങേറും.
ഇന്നുരാവിലെ ഒമ്പതുമുതല്‍ കോമ്പാറ മേഖലയിലെ ഇടവഴികളിലൂടെ കാളവണ്ടിയില്‍ നകാരമേളം നടക്കും. രാത്രി പത്തിനു കോമ്പാറ കപ്പേളയില്‍നിന്ന് അമ്പെഴുന്നള്ളിപ്പ് ആരംഭിക്കും.