തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടി വീണ്ടും നാട്ടിൽ
1493595
Wednesday, January 8, 2025 7:47 AM IST
അതിരപ്പിള്ളി: തുമ്പിക്കൈ ഇല്ലാത്ത ആനകുട്ടി വീണ്ടും ജനവാസമേഖലയിൽ എത്തി. അതിജീവനത്തിന്റെ പാതയിൽ കാലിടറാതെ പൂർണ ആരോഗ്യവാനായി അമ്മയാനയോടും മറ്റ് ആനകളോടുമൊപ്പമാണ് ഏഴാറ്റുമുഖം ഭാഗത്ത് വീണ്ടുമെത്തിയത്.
തീറ്റയെടുക്കാൻ ആനക്കുട്ടിക്ക് യാതൊരു പ്രശ്നവുമില്ല. ഇതിനാൽ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. 2022 ജനുവരിയിലാണ് ഏഴാറ്റുമുഖം ഭാഗത്ത് ഈ ആനക്കുട്ടിയെ ആദ്യം കണ്ടെത്തിയത്. തുമ്പിക്കൈ ഇല്ലാതെ ആനക്കുട്ടി എങ്ങനെ ജീവിക്കുമെന്ന ആശങ്ക ഉയർന്നിരുന്നു. അമ്മയാനയും മറ്റ് ആനകളും ഒരുപോലെ കുട്ടിയെ ചേർത്തുനിർത്തി. തുമ്പിക്കൈ ഇല്ലെങ്കിലും തനിയെ തീറ്റയെടുക്കാനും വെള്ളം കുടിക്കാനും ആനക്കുട്ടി പരിശീലിച്ചു.
പിന്നീട് രണ്ടുതവണ കണ്ടപ്പോൾ ആനക്കുട്ടി അമ്മയാനയോടൊപ്പം തനിച്ചായിരുന്നു. വേനൽക്കാലത്ത് ആനക്കുട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നെങ്കിലും അതെല്ലാം അതിജീവിച്ച് ഇപ്പോൾ ആരോഗ്യത്തോടെ കഴിയുകയാണ്.