സ്വർണക്കപ്പിന്റെ ആവേശം അലയടിച്ചു തൃശൂർ
1493971
Friday, January 10, 2025 1:35 AM IST
തൃശൂർ: സ്വർണക്കപ്പിന്റെ ആവേശം അലയടിച്ചുയർന്നപ്പോൾ മന്ത്രി കെ. രാജനും ആർപ്പുവിളിച്ചു. അതേറ്റുപിടിച്ച് വിദ്യാർഥികളും വിശിഷ്ടാതിഥികളും. പൂരം കൊട്ടിക്കയറുന്ന ശക്തന്റെ മണ്ണിൽ ഒരിക്കൽകൂടി പെയ്തിറങ്ങി ആവേശത്തിന്റെ മറ്റൊരു പൂരം.
11. 30 നാണ് നഗരത്തിൽ സ്വർണക്കപ്പിനു സ്വീകരണം നിശ്ചയിച്ചിരുന്നത്. ഒരുമണിക്കൂറോളം വൈകി, തിടന്പേറ്റിയ കൊന്പന്റെ പ്രൗഢിയോടെയാണ് സ്വർണക്കപ്പ് വഹിച്ചുള്ള ഘോഷയാത്ര സ്വരാജ് റൗണ്ടിൽകൂടി മോഡൽ ഗേൾസ് സ്കൂളിലേക്ക് എത്തിയത്.
ജനുവരി ഒന്നിനു തൃശൂരിലൂടെ കടന്നുപോയ സ്വർണക്കപ്പ് തിരികെ തൃശൂരിലേക്ക് എത്തിയതിന്റെ സന്തോഷം പങ്കുവച്ച വിദ്യാർഥികൾ വർണബലൂണുകളും ബാൻഡ് വാദ്യവും കരഘോഷവും പുഷ്പവൃഷ്ടിയുമായി കപ്പിനെ വരവേറ്റു. തുടർന്നു സെന്റ് മേരീസ് കോളജ് റോഡ് വഴി ടൗണ്‍ ഹാളിലേക്കു നീങ്ങിയ ഘോഷയാത്രയെ പൂത്തിരികൾ കത്തിച്ച് സേക്രഡ് ഹാർട്ട് സ്കൂൾ സ്വീകരിച്ചു.
ചാലക്കുടിയിൽ വൻജനാവലി
സ്വർണക്കപ്പുമായി എത്തിയ തൃശൂർ ജില്ലാ ടീമിനു ചാലക്കുടിയിൽ സ്വീകരണം നൽകി. മന്ത്രി കെ. രാജൻ, സനീഷ്കുമാർ ജോസഫ് എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ എത്തിച്ച കപ്പ് സൗത്ത് ജംഗ്ഷനിൽ ഒരുക്കിയ സ്വീകരണവേദിയിൽ നഗരസഭാ ചെയർമാൻ എബി ജോർജ് എറ്റുവാങ്ങി.
വൈസ് ചെയർപേഴ്സൻ ആലീസ് ഷിബു, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ എം.എം. അനിൽകുമാർ, കൗൺസിലർമാർ, കാർമൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോസ് താണിക്കൽ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോയി മൂത്തേടൻ തുടങ്ങിയവരും വിവിധ വിദ്യാലയങ്ങളിലെ വിദ്യാർഥികളും അധ്യാപകരും അടക്കം വൻജനാവലി സ്വീകരിക്കാനെത്തിയിരുന്നു.
പുതുക്കാട് ഉത്സവപ്രതീതി
പുതുക്കാട് സെന്ററിലും ആവേശകരമായിരുന്നു സ്വീകരണം. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനരികിലേക്കു പതിനൊന്നുമണിയോടെ തുറന്ന വാഹനത്തിലാണ് സ്വര്‍ണക്കപ്പ് എത്തിയത്. കെ.കെ. രാമചന്ദ്രന് എംഎല്‍എയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും ജനപ്രതിനിധികളും ചേര്‍ന്ന് കപ്പ് ഏറ്റുവാങ്ങി. മേഖലയിലെ വിവിധ സ്കൂളുകളില്‍നിന്നെത്തിയ വിദ്യാര്‍ഥികളും നാട്ടുകാരും സ്വര്‍ണക്കപ്പില്‍ തൊട്ട് ആഹ്ലാദം പങ്കിട്ടു.
കപ്പില്‍ കെ.കെ. രാമചന്ദ്രന് എംഎല്‍എ ഹാരാര്‍പ്പണം നടത്തി. പുതുക്കാടുള്ള ഓട്ടോ തൊഴിലാളികള്‍ സ്വര്‍ണക്കപ്പില്‍ നോട്ടുമാല ചാര്‍ത്തി. ബാൻഡ് വാദ്യവും പാട്ടും നൃത്തവുമായി നാട്ടുകാര്‍ ഒത്തുകൂടിയപ്പോള്‍ വരവേല്പ് ഉത്സവപ്രതീതിയിലായി.
ഒല്ലൂരിൽ
വൻവരവേല്പ്
ഒല്ലൂർ: കലോൽസവത്തിൽ സ്വർണക്കപ്പ് നേടിയ തൃശൂർ ജില്ലാ ടീമിന് ഒല്ലൂരിൽ വൻ വരവേല്പ് നൽകി. സ്വർണക്കപ്പുമായി എത്തിയ വാഹനം ഒല്ലൂർ ജംഗഷനിൽ എത്തിയതോടെ ആവേശക്കടൽ അലയടിച്ചു. വിവിധ സ്കൂളുകളിലെ വിദ്യാർഥികളും ജനപ്രതിനിധികളും നിറകൈയടികളോടെ സ്വർണക്കപ്പിനും മത്സരാർഥികൾക്കും സ്വീകരണം നൽകി.
മന്ത്രി കെ. രാജൻ, കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയപ്രകാശ് പൂവത്തിങ്കൽ, കൗൺസിലർമാരായ സി.പി. പോളി, ഇ.വി. സുനിൽരാജ്, കരോളിൻ ജെറീഷ് തുടങ്ങിയവർ പങ്കെടുത്തു.