ക്രൈസ്റ്റ് കോളജില്‍ ടെക്നിക്കല്‍ കോണ്‍ക്ലേവ് 14 മുതല്‍ 17 വരെ
1494011
Friday, January 10, 2025 1:35 AM IST
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ 14 മുതല്‍ 17 വരെ ടെക്നിക്കല്‍ കോണ്‍ക്ലേവായ "സെഫൈറസ് 6.0' സംഘടിപ്പിക്കുമെന്ന് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള വൈസ് ചാന്‍സലര്‍ പ്രഫ. വിന്‍സെന്റ് മാത്യു ഉദ്ഘാടനം ചെയ്യും.
സാങ്കേതിക വിദ്യയുടെ വൈവിധ്യമാര്‍ന്ന മേഖലകളിലെ പുതുമകളും ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്ന നാലു ദിവസത്തെ പരിപാടി വിദ്യാര്‍ഥികളുടെ നേതൃത്വത്തിൽ, അക്കാദമിക് വിദഗ്ധര്‍, സാങ്കേതിക പ്രഫഷണലുകൾ, മറ്റ് പ്രമുഖ വ്യക്തികള്‍ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയാണ് സംഘിടിപ്പിക്കുന്നത്. സെഫൈറസ് 6.0 യുടെ മുഖ്യ ആകര്‍ഷണമായ ടെക്നിക്കല്‍ എക്സ്പോയില്‍ സൈബര്‍ സെക്യൂരിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്, വിര്‍ച്വല്‍ റിയാലിറ്റി, തത്സമയ പ്രദര്‍ശനങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. കൂടാതെ കോണ്‍ക്ലേവ്, ഐഡിയത്തോണ്‍, ഹാക്കത്തോണ്‍, ശില്പശാലകള് എന്നിവയും അരങ്ങേറും. ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗിച്ച് വ്യത്യസ്തമായി നടത്തുന്ന ട്രഷര്‍ ഹണ്ട് മത്സരം പങ്കെടുക്കുന്നവര്‍ക്ക് പുതുമയാര്‍ന്ന അനുഭവം നല്കുന്ന വേദിയാകും.
15 ന് കേരള കാമ്പസ് ഫാഷന്‍ ഐക്കണ്‍ 2025 ഫാഷന്‍ ഷോയും സംഘടിപ്പിക്കും. ഹയര്‍സെക്കന്‍ഡറി, ഡിഗ്രി, പിജി തലങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാം. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെഫൈറസ് 6.0 യുടെ ഔദ്യോഗിക വെബ്സൈറ്റ്
(https://christcs.in/ events/) സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് വഴിയോ 7012715039, 7025104887 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.
മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി കെ.കെ. പ്രിയങ്ക, സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍മാരായ അസി. പ്രഫ. പി.എം. രശ്മി, അസി. പ്രഫ. ടി.വി. വന്ദന, അസോസിയേഷന് സെക്രട്ടറി അഖി മുരളി, സ്റ്റുഡന്റ് കോ ഓര്‍ഡിനേറ്റര്‍മാരായ എന്‍.വി. അരുണ്‍കുമാര്‍, ടി.യു. അശ്വിന്, വി.ആര്. ആയിഷ ഫിദ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.