ബീച്ച് ഫെസ്റ്റിവല്‍: ചാവക്കാട് നഗരസഭ കൗണ്‍സില്‍ യോഗത്തിൽ ബഹളം
1493711
Thursday, January 9, 2025 1:20 AM IST
ചാവക്കാട്: നഗരസഭയും ബീച്ച് ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ്് കൗണ്‍സിലും ചേര്‍ന്ന് ചാവക്കാട് ബീച്ചില്‍ നാല്, അഞ്ച് തീയതികളിൽ നടത്തിയ ബീച്ച് ഫെസ്റ്റിവലിന്റെ നടത്തിപ്പിനെ ച്ചൊല്ലി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. അജൻ ഡയില്‍ ബീച്ച് ഫെസ്റ്റിവലിനായി നാലുലക്ഷം രൂപ അനുവദിച്ചതുമായി ബന്ധപ്പെട്ട ചർച്ചയാണ് തര്‍ക്കത്തിനു തുടക്കമായത്. അജൻഡയ്ക്കെതിരെ യുഡിഎഫ് അംഗങ്ങള്‍ നഗരസഭ സെക്രട്ടറിക്ക് വിയോജനക്കുറിപ്പ് നല്കി. പണം മുന്‍കൂര്‍ അനുവദിച്ച നഗരസഭ നടപടിയില്‍ സുതാര്യതയില്ലെന്ന് യുഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു.
ഫെസ്റ്റിവലിന്റെ ഉദ്ഘാടനച്ചടങ്ങില്‍നിന്ന് വാര്‍ഡ് കൗണ്‍സിലർ പി.കെ. കബീറിനെ ഒഴിവാക്കിയത് യുഡിഎഫ് അംഗങ്ങള്‍ ചോദ്യം ചെയ്തത് ബഹളത്തില്‍ കലാശിച്ചു. ഫെസ്റ്റിവലിന്റെ പേരില്‍ വ്യാപക പണപ്പിരിവ് നടത്തിയെന്നും വ്യാജ ടെന്‍ഡര്‍ നടത്തിയാണ് കരാറുകാരെ കൊ ണ്ടുവന്നതെന്നും ഇതിന്റെ പേരില്‍ വലിയതുക കമ്മീഷന് വാങ്ങി യിട്ടുണ്ടെന്നും യുഡിഎഫ് കൗണ്‍സിലര്‍ കെ.വി. സത്താര്‍ ആരോപിച്ചു.
ഇതുസംബന്ധിച്ച് കളക്ടര്‍ക്ക് സത്താർ നേരത്തെ പരാതി നൽകിയിരുന്നു. എന്നാല്‍, നിയമാനുസൃതമായ എല്ലാ നടപടികളും സ്വീകരിച്ച് ഏറ്റവും സുതാര്യമായാണ് ബീച്ച് ഫെസ്റ്റിവല്‍ സംബന്ധിച്ച എല്ലാ കാര്യങ്ങളും നടത്തിയിട്ടുള്ളതെന്ന് യോഗത്തിൽ അധ്യക്ഷതവഹിച്ച ചെയര്പേഴ്സന് ഷീജ പ്രശാന്ത് പറഞ്ഞു. നഗരസഭയിലെ ചില യുഡിഎഫ് കൗണ്‍സിലര്‍മാര്‍ വസ്തുതകള്‍ പരിശോധിക്കാതെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാനാണു ശ്രമിക്കുന്നത്. രാഷ്ട്രീയ പ്രേരിതമായാണ് യുഡി എഫ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഫെസ്റ്റിവലിന്റെ ജനപങ്കാളിത്തത്തില്‍ വിറളിപൂണ്ട യുഡിഎഫ് അനാവശ്യവിവാദങ്ങള്‍ ഉന്നയിക്കുകയാണെന്നും കള്ളപ്രചാരണങ്ങളെ ജനങ്ങള്‍ തള്ളിക്കളയുമെന്നും ചെയര്പേഴ്സന് പറഞ്ഞു.