ഗരുഡപ്രതിമ മാറ്റിസ്ഥാപിച്ചു
1494283
Saturday, January 11, 2025 1:24 AM IST
ഗുരുവായൂർ: ഗുരുവായൂരിന്റെ മുഖമുദ്രയായ മഞ്ജുളാൽ തറയിലെ ഗരുഡ ശില്പം ഇനി ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിൽ ഭക്തർക്കു കാഴ്ചവിസ്മയമൊരുക്കും. മഞ്ജുളാൽത്തറയിൽനിന്ന് ഗരുഡ പ്രതിമ നീക്കം ചെയ്തു. പുതിയ വെങ്കല പ്രതിമ സ്ഥാപിക്കാനും മഞ്ജുളത്തറ നവീകരിക്കാനുമായാണ് ഗരുഡ പ്രതിമ നീക്കം ചെയ്തത്.
ഇരുമ്പുകമ്പി ഉപയോഗിച്ച് കവചം ഒരുക്കിയശേഷം ക്രെയിൻ ഉപയോഗിച്ചാണ് പ്രതിമ മാറ്റിയത്. ലോറിയിൽ ശ്രീവത്സം അതിഥി മന്ദിരത്തിൽ എത്തിച്ച പ്രതിമ സുരക്ഷിതമായ സ്ഥാനത്തേക്കുമാറ്റി. ഗജരാജൻ കേശവന്റെയും ഗജരത്നം പത്മനാഭന്റെയും പ്രതിമകൾക്ക് മധ്യത്തിലായി പുൽത്തകിടിയിൽ ഈ പ്രതിമ സ്ഥാപിക്കും. ശ്രീവത്സത്തിന് പുറത്ത് ഇടതുഭാഗത്തായാണ് പ്രതിമ സൂക്ഷിച്ചിട്ടുള്ളത്. സിമന്റുതറ കെട്ടിയശേഷം പ്രതിമ പുൽത്തകിടിയിലേക്ക് മാറ്റും.
55 വർഷം മുമ്പ് കോയമ്പത്തൂർ സ്വദേശി കൃഷ്ണനാണ് മഞ് ജുളാൽത്തറയിൽ കോൺക്രീറ്റിൽ ഗരുഡ പ്രതിമ നിർമിച്ചത്. കണ്ണൂർ സ്വദേശിയായ ശില്പി കാനായി ഉണ്ണിയാണ് വെങ്കല പ്രതിമ നിർമിച്ചത്. എട്ടടിനീളവും 16 അടി വീതിയുമുള്ള വെങ്കല ഗരുഡ പ്രതിമക്ക് നാലായിരത്തോളം കിലോ ഭാരംവരും. മഞ്ജുളാൽത്തറ കരിങ്കൽ പാളികൊണ്ട് ഉയർത്തിക്കെട്ടിയശേഷം വെങ്കല പ്രതിമ സ്ഥാപിക്കും. പറവൂർ സ്വദേശി വേണു കുന്നപ്പിള്ളിയുടെ വക വഴിപാടായാണ് മഞ്ജുളത്തറ നവീകരണവും പുതിയ പ്രതിമയും സ്ഥാപിക്കുന്നത്.
നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, എക്സിക്യൂട്ടീവ് എൻജിനീയർ എം.കെ. അശോക്കുമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രതിമ മാറ്റിസ്ഥാപിച്ചത്.