ഇരിങ്ങാലക്കുടയുടെ മനസ് തൊട്ടറിഞ്ഞ പ്രിയ ഗായകൻ
1494276
Saturday, January 11, 2025 1:24 AM IST
ഷോബി കെ. പോൾ
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിനു മുന്‍വശത്തു കുട്ടന്‍കുളം എന്നൊരു വലിയൊരു കുളമുണ്ട്. ഈ കുളത്തിന്റെ എതിര്‍വശത്താണ് പ്രശസ്തഗായകന് പി. ജയചന്ദ്രന്റെ തറവാട്. പിച്ചവച്ചുവളര്ന്ന വീട്. കുട്ടിക്കാലത്തിന്റെ ഓര്‍മകള്‍ കൂട്ടുകൂടിയ നഗരം... പാടിയും പഠിച്ചും വളര്‍ന്ന നാട്. തന്നിലെ കഴിവിനെ അറിഞ്ഞു വളര്‍ത്തിയെടുത്ത നാടും നാട്ടുകാരും. അങ്ങനെ ഒരുപിടി ഓര്‍മകൾ ജയചന്ദ്രൻ മനസില്‍ മായാതെ സൂക്ഷിച്ചിരുന്നു.
നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ 1952 ലാണ് ഭാഗപ്രകാരം ലഭിച്ച ഇരിങ്ങാലക്കുട പാലിയത്തു താമസമാക്കിയത്. എട്ടാംക്ലാസുമുതല്നാഷണല് സ്കൂളിലായിരുന്നു പഠനം. കുട്ടിക്കാലത്ത് ജയക്കുട്ടന്‍ എന്നാണ് ജയചന്ദ്രനെ അധ്യാപകരും കൂട്ടുകാരും വിളിക്കാറ്. സ്കൂളിലെ മലയാള അധ്യാപകനും ബാലസാഹിത്യകാരനായിരുന്ന അന്തരിച്ച കെ.വി. രാമനാഥന്മാഷാണ് സംഗീതവേദിയിലേക്കു കൈപിടിച്ചുകയറ്റിയത്.
ക്ലാസ് മുറികളില്‍ കലാപ്രകടനങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുക്കുന്ന സാഹിത്യസമാജം വേദിയില്‍ പാട്ടുപാടുമായിരുന്നു തുടക്കത്തില്‍. അക്ഷരശുദ്ധിയും പദശുദ്ധിയുമെല്ലാം തിരിച്ചറിഞ്ഞ രാമനാഥന്‍മാഷ് പിന്നീട് സ്കൂള്‍ കലോത്സവവേദികളില്‍ ലളിതഗാനമത്സരത്തില്‍ ജയചന്ദ്രനെ പങ്കെടുപ്പിച്ചു. ആദ്യ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഗാനഗന്ധര്വന് യേശുദാസുമായി മാറ്റുരച്ചപ്പോള്‍ രണ്ടാംസ്ഥാനം നേടി. അതേവര്‍ഷം മൃദംഗമത്സരത്തില്‍ ഒന്നാംസ്ഥാനവും കരസ്ഥമാക്കി.
തുടര്‍ന്നുള്ള രണ്ടുവര്‍ഷവും സംസ്ഥാന കലോത്സവവേദിയില്‍ ലളിതഗാന മത്സരത്തില്‍ പി. ജയചന്ദ്രന് ഒന്നാമനായി. അക്കാലത്ത് രാമനാഥന്‍മാഷ് എഴുതിത്തയാറാക്കിയ പാട്ടുകള്‍ സംഘഗാനമായി പാടി സ്കൂളിനുവേണ്ടി പുരസ്കാരങ്ങള്‍ നേടിയ ഗായകസംഘത്തിലെ പ്രധാനി ജയചന്ദ്രനായിരുന്നു. ക്രൈസ്റ്റ് കോളജിലെ പ്രീഡിഗ്രി, ബിരുദപഠനകാലത്തും സംഗീതവേദികളില്‍ സജീവമായിരുന്നു.
നാഷണല്‍ സ്കൂളില്‍ പഠിച്ച അന്തരിച്ച ചലച്ചിത്രതാരം ഇന്നസെന്റ്, മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. കെ. രാധാകൃഷ്ണന് എന്നിവര്‍ സുഹൃത്തുക്കളായിരുന്നു. ഇരിങ്ങാലക്കുടയില്‍നിന്നു താമസംമാറിയെങ്കിലും തറവാട്ടുവീട് കൈമാറുന്നതുവരെ കൂടല്‍മാണിക്യം ഉത്സവത്തിന് എല്ലാവര്‍ഷവും വരുമായിരുന്നു. ഇപ്പോള്‍ ഇരിങ്ങാലക്കുടയില്‍ ആ പഴയ തറവാട്ടുവീടില്ല. അവിടെ പുതിയ കോണ്‍ക്രീറ്റ് കെട്ടിടമുയര്‍ന്നു.
കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ച് 2023 ലെ മാണിക്യശ്രീ പുരസ്കാരവും 2022 ല്‍ കെ. രാഘവന്മാസ്റ്റര് പുരസ്കാരവും ഇരിങ്ങാലക്കുടയില്‍വച്ച് പി. ജയചന്ദ്രനു സമ്മാനിച്ചിരുന്നു. ജയചന്ദ്രന്റെ നിര്യാണത്തെതുടര്‍ന്ന് പൂര്‍വവിദ്യാര്‍ഥിയായിരുന്ന നാഷണല്‍ സ്കൂളില്‍ ഇന്നലെ നടത്താന്‍ നിശ്ചയിച്ചിരുന്ന വാര്‍ഷികാഘോഷങ്ങള്‍ മാറ്റിവച്ചു.
ജയചന്ദ്രന്റെ മൃതദേഹം ഇന്നുരാവിലെ 8.30ന് നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. താന്‍ നടന്നുപോയ വഴികളിലൂടെയുള്ള അവസാനയാത്രയായിരിക്കുമത്. രാമനാഥന് മാസ്റ്ററുടെ മൃതദേഹം ഇതേ സ്കൂളില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ തന്റെ ഗുരുവിനെ അവസാനമായി ഒരു നോക്കുകാണാന്‍ പ്രിയ ശിഷ്യന് ജയചന്ദ്രന് വന്നിരുന്നു.