കുണ്ടന്നൂർ വടക്കൂട്ട് ബാബുവിന്റെ വീട്ടുമുറ്റത്ത് വിളഞ്ഞത് വിയറ്റ്നാമിലെ ഗാക് ഫ്രൂട്ട്
1493708
Thursday, January 9, 2025 1:20 AM IST
എരുമപ്പെട്ടി: വിയറ്റ്നാമിൽ കണ്ടു വരുന്ന ഗാക് ഫ്രൂട്ട് വീട്ടുമുറ്റത്ത് വിളയിച്ചിരിക്കുകയാണ് എരുമപ്പെട്ടി കുണ്ടന്നൂർ വടക്കൂട്ട് ബാബുവും കുടുംബവും. കൃഷി വ്യാ വസായിക അടിസ്ഥാനത്തിൽ വിപുലീകരിക്കുവാനാണ് ഇവരുടെ ശ്രമം. കായ്ക്കുമ്പോൾ പച്ച, മൂപ്പെത്തുമ്പോൾ മഞ്ഞയും ഓറഞ്ചും, പഴുക്കുമ്പോൾ ചുവപ്പ് നിറം. ഈ വൈവിധ്യമാണ് ഗാക് ഫ്രൂട്ടിനെ മറ്റു പഴങ്ങളിൽ നിന്ന് വ്യത്യസ്ഥമാക്കുന്നത്.
വള്ളിച്ചെടിയിൽ വിളയുന്ന പു റംതോടിൽ മുള്ളുകളുള്ള ഈ പഴം മുമ്പ് വിയ്റ്റനാമിലാണു കൃഷി ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ കേരളത്തിന്റെ പല ഭാഗങ്ങളിലും ഗാക് ഫ്രൂട്ട് വിളയിക്കുന്നുണ്ട്. റേഷൻ വ്യാപാരിയായ ബാബു ഒന്നര വർഷം മുമ്പാണ് ഗാക്ക് ഫ്രൂട്ട് വീട്ടുമുറ്റത്ത് കൃഷി ചെയ്തത്.
ഇപ്പോൾ വാണിജ്യാടിസ്ഥാനത്തിൽ ഇതിന്റെ വിത്തെടുത്ത് വില്പന നടത്തുന്നുണ്ട്.
തണുപ്പുള്ള കാലാവസ്ഥയിലാണ് ഗാക് ഫ്രൂട്ട് കൂടുതൽ വിളവുലഭിക്കുന്നത്. ഒരേ ചെടിയിൽ തന്നെ ആൺ, പെൺ പൂവുകൾ വിരിയും. പൂമ്പൊടിയെടുത്ത് നേരിട്ട് പരാഗണം നടത്തുമ്പോഴാണ് മികച്ച വിളവ് ലഭിക്കുക. പരാഗണം ചെയ്യുവാനും പരിപാലിക്കുവാനും ബാബുവിന്റെ ഭാര്യ അധ്യാപികയായ ജാൻസിയും കുട്ടികളായ ബെനറ്റും ബെനിറ്റും സഹായിക്കും.
വൈറ്റമിൻ സി യുടേയും എ യുടേയും കലവറയാണ് ഗാക് ഫ്രൂട്ട്. പലവിധ രോഗങ്ങളെ പ്രതിരോധിക്കുവാനും ചർമസംരക്ഷണത്തിനും ഉത്തമമാണെന്ന് പഠനങ്ങൾ പറയുന്നു. ഇളനീരിന്റെ രുചിയോട് സാമ്യമുള്ള ഫ്രൂട്ടിന്റെ ഉള്ളിലുള്ള മാംസളമായ ഭാഗം ഷെയ്ക്ക് ജൂസടിച്ചും സ് ക്വാഷാക്കിയും ഉപയോഗിക്കാം.