തൃശൂരിനു ബിഗ് സല്യൂട്ട്: മന്ത്രി കെ. രാജൻ
1493972
Friday, January 10, 2025 1:35 AM IST
തൃശൂർ: ചരിത്രനേട്ടം കൈവരിച്ച തൃശൂരിന് ബിഗ് സല്യൂട്ട് നൽകുന്നുവെന്നു മന്ത്രി കെ. രാജൻ. ടൗണ്‍ ഹാളിൽ നടന്ന സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമാനതകളില്ലാത്ത സന്തോഷത്തിന്റെ വേലിയേറ്റത്തിലോടെയാണ് തൃശൂർ കടന്നുപോകുന്നതെന്നും പങ്കെടുത്ത 289 ഇനം മത്സരങ്ങളിലും വിജയം നേടിയാണ് തൃശൂർ ചരിത്രവിജയം കൈവരിച്ചിരിക്കുന്നത്. ജില്ലയുടെ ആഹ്ലാദം തുടങ്ങാൻ പോകുന്നതേയുള്ളൂ. ഇപ്പോൾ നടന്നത് ചെറിയ ഒരു സന്തോഷപ്രകടനം മാത്രമാണ്. കലോത്സവത്തിൽ മത്സരിച്ച കുട്ടികളുടെ കലാസപര്യ എല്ലാവർക്കും കാണാൻ കഴിയുന്നവിധം സുവർണോത്സവം സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ 117.5 പവന്റെ സ്വർണക്കപ്പ് തൃശൂർ ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടർ എ.കെ. അജിതകുമാരിക്കു മന്ത്രി കൈമാറി. പി. ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ സേവ്യർ ചിറ്റിലപ്പിള്ളി, യു.ആർ. പ്രദീപ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, എഡിഎം ടി. മുരളി, കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.കെ. ഷാജൻ, ജയപ്രകാശ് പൂവത്തിങ്കൽ, സാറാമ്മ റോബ്സണ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപ്പറന്പിൽ, ആർആർഡി പി.ജി. ദയ, കോർപറേഷൻ കൗണ്‍സിലർമാർ, വിദ്യാഭ്യാസരംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
കലാമാമാമാങ്കത്തിലെ വിജയത്തിനു ലഭിച്ച സ്വർണക്കപ്പ് പിന്നീട് ട്രഷറിയിലേക്കു മാറ്റി.