ബസ് ഗുഡ്സ് ഓട്ടോയിലിടിച്ച് നാലുവയസുകാരിക്കു ദാരുണാന്ത്യം
1493673
Wednesday, January 8, 2025 11:16 PM IST
വടക്കാഞ്ചേരി: ഓട്ടുപാറയിൽ വാഹനാപകടത്തിൽ നാലുവയസുകാരിക്കു ദാരുണാന്ത്യം. ഗുഡ്സ് ഓട്ടോയിൽ മാതാപിതാക്കൾക്കൊപ്പം സഞ്ചരിച്ചിരുന്ന മുള്ളൂർക്കര സ്വദേശിനി നൂറ ഫാത്തിമയാണ് മരിച്ചത്. കുട്ടിയുടെ പിതാവ് ഉനൈസ് (31), മാതാവ് റൈഹാനത്ത് (26) എന്നിവർക്കു പരിക്കേറ്റു. ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ ഒന്നരയോടെ ഓട്ടുപാറ സെന്ററിലായിരുന്നു അപകടം. നൂറ ഫാത്തിമയെ വയറുവേദനയെതുടർന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു. റോഡിലെ കുഴി പെട്ടെന്നുകണ്ട ഓട്ടോ ഡ്രൈവറും കുട്ടിയുടെ പിതാവുമായ ഉനൈസ് ബ്രേക്ക് ചെയ്തതോടെ തിരുവനന്തപുരത്തേക്കു പോയിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഗുഡ്സ് ഓട്ടോയുടെ പിറകിൽ ഇടിക്കുകയായിരുന്നു.
ഗർഭിണിയായ റൈഹാനത്തിന്റെ കാൽ ഒടിഞ്ഞു. മുഖത്തു പരിക്കേറ്റു. ഉനൈസിന്റെ കൈക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ നൂറ ഫാത്തിമയെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചു.
വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബസ്ഡ്രൈവർ തിരുവനന്തപുരം സ്വദേശി ഷിബിനെ(35) പോലീസ് അറസ്റ്റുചെയ്തു.