ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള് ; ദീപങ്ങൾ തെളിഞ്ഞു, ആഘോഷത്തിമര്‍പ്പില്‍ നഗരം
1494278
Saturday, January 11, 2025 1:24 AM IST
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിലെ ചരിത്രപ്രസിദ്ധമായ പിണ്ടിപ്പെരുന്നാളിന്റെ ആഘോഷത്തിമര്‍പ്പിലാണ് നാടും നഗരവും. നയനമനോഹരമായ ദീപാലങ്കാരങ്ങളാല്‍ വീടുകളും സ്ഥാപനങ്ങളും മനോഹരമായിക്കഴിഞ്ഞു. ക്രൈസ്തവവീടുകള്ക്കും സ്ഥാപനങ്ങള്‍ക്കും മുന്നില്‍ മാനംമുട്ടെ ഉയരത്തിലുള്ള പിണ്ടികള്‍ കുത്തി അലങ്കരിച്ചു. വഴിവാണിഭക്കാര്‍ എല്ലാ റോഡുകളും കൈയടക്കിക്കഴിഞ്ഞു.
ഒട്ടേറെ പുതുമകളോടെയാണ് കത്തീഡ്രലിലെ ഇത്തവണത്തെ ദീപാലങ്കാരം. കത്തീഡ്രലിലെ ദീപാലങ്കാരങ്ങളുടെയും പ്രവാസികൂട്ടായ്മ ഒരുക്കിയ പ്രവാസിപ്പന്തലിന്റെയും പള്ളിയുടെ തെക്കേനടയിലും കിഴക്കേനടയിലും ഒരുക്കിയിട്ടുള്ള ബഹുനിലപ്പന്തലുകളുടെയും സ്വിച്ച് ഓണ്‍ കര്‍മം ഡിവൈഎസ്പി കെ.ജി. സുരേഷ് നിര്‍വഹിച്ചു.
ഇന്നു വൈകീട്ട് അഞ്ചിനു നടക്കുന്ന ദിവ്യബലിക്കുശേഷം പള്ളിചുറ്റി പ്രദക്ഷിണവും രൂപം പന്തലിലേക്ക് എഴുന്നള്ളിച്ചുവയ്ക്കലും നേര്ച്ചവെഞ്ചരിപ്പും നടക്കും. രാത്രി എട്ടിനു മതസൗഹാര്‍ദസമ്മേളനം. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. വലിയങ്ങാടി, കുരിശങ്ങാടി, കോമ്പാറ, കാട്ടുങ്ങച്ചിറ എന്നീ വിഭാഗങ്ങളുടെ അമ്പെഴുന്നെള്ളിപ്പുകള് രാത്രി 12 നു പള്ളിയിലെത്തും.