ചിറയ്ക്കൽ പാലം പണി സ്തംഭനത്തിൽ
1507904
Friday, January 24, 2025 2:01 AM IST
ചേർപ്പ്: സംസ്ഥാനപാതയിലെ ചിറയ്ക്കൽ പാലത്തിന്റെ നിർമാണം സങ്കേതിക തടസങ്ങൾ മൂലം സ്തംഭനത്തിൽ. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് പുതിയ പാലത്തിന്റെ പണികൾ ആരംഭിച്ചത്. പൈലിംഗിനിടെ പഴയ പാലത്തിന്റെ സ്ലാബുകൾ തട്ടുകയും വലിയ ആഴത്തിൽ കിടക്കുന്ന സ്ലാബുകൾ പൊളിച്ചുമാറ്റുവാൻ സാധിക്കാതെ വരികയും ചെയ്തതോടെയാണ് പാലംപണി താത്കാലികമായെങ്കിലും നിർത്തേണ്ടി വന്നത്.
കഴിഞ്ഞദിവസം സബ് കളക്ടർ അഖിൽ വി.മേനോൻ, പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥരായ ഹൈജിനി ആൽബർട്ട്, വി.ഡി. ഹരിത, സി.എം. സ്വപ്ന, വി.എൻ. ദീപ, എച്ച്. സിന്ധു എന്നിവർ സ്ഥലത്തെത്തി. ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ്് കെ.എസ്. മോഹൻദാസ്, പ്രതിപക്ഷ നേതാവ് പി.കെ. ഇബ്രാഹിം തുടങ്ങിയവരുമായി പ്രതിസന്ധി ചർച്ച നടത്തി.
പ്ലാനിലുണ്ടായിരുന്ന സ്ഥലത്തുനിന്ന് മാറ്റി മറ്റൊരു സ്ഥലത്ത് പൈലിംഗ് നടത്താനാണ് തീരുമാനം. ഇങ്ങനെ ചെയ്യുമ്പോൾ പാലത്തിന്റെ നീളവും വർധിപ്പിക്കേണ്ടി വരുന്ന സ്ഥിതിയുണ്ട്. അനുവദിച്ച ഫണ്ട് തികയാതെ വരുന്ന അവസ്ഥയുമുണ്ട്. പാലം പണി സ്തംഭനാവസ്ഥ മൂലം വാഹന ഗതാഗതതടസം പ്രദേശത്തുണ്ട്.