സ്മാരകം വലിയ ദുഃഖം; പരിഹാരം കാണുമെന്നു മന്ത്രി രാജൻ
1508174
Saturday, January 25, 2025 1:49 AM IST
പുത്തൂർ: ജീവിതത്തിന്റെ ഓരോ നിമിഷവും അഴീക്കോട് മാഷ് ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർക്കുന്ന സമയമാണിതെന്നും മാഷ് ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയുടെ മതേതതരത്വത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ മുൻപന്തിയിൽ ഉണ്ടാകുമായിരുന്നെന്നും റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ പറഞ്ഞു.
എരവിമംഗലം സുകുമാർ അഴീക്കോട് സ്മാരകമന്ദിരത്തിൽ നടന്ന അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സ്മാരകവുമായി ബന്ധപ്പെട്ട് വലിയ ദുഃഖമാണ് നിലനിൽക്കുന്നതെന്നും അതിന് ഉടൻ പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.
നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ മുഖ്യപ്രഭാഷണവും. ഡോ. പി.വി. കൃഷ്ണൻനായർ അനുസ്മരണപ്രഭാഷണവും നിർവഹിച്ചു. നടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.ആർ. രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. സജു, നടത്തറ ഗ്രാമപഞ്ചായത്ത് അംഗം കെ.ജെ. ജയൻ, സത്യൻ നടുവം തുടങ്ങിയവർ സംസാരിച്ചു.
വിശിഷ്ടാതിഥികൾ ചേർന്ന് അഴീക്കോടിന്റെ ഛായാചിത്രത്തിനുമുന്നിൽ പുഷ്പാർച്ചനയും നടത്തി.