മേയർ ശ്രീലങ്കയിൽ, കൗൺസിൽ യോഗം മാറ്റിവച്ചു; ദുരൂഹം, ധൂർത്ത്: പ്രതിപക്ഷം
1508175
Saturday, January 25, 2025 1:49 AM IST
തൃശൂർ: മേയറുടെ വിദേശയാത്രയുടെ പേരുപറഞ്ഞ് ഇന്നു നടക്കാനിരുന്ന കൗൺസിൽ യോഗം മാറ്റിവച്ചതിൽ പ്രതിഷേധവുമായി പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ.
സിപിഎമ്മിലെയും എൽഡിഎഫിലെയും നേതാക്കളുമായി മേയറുടെ രാജ്യത്തിനകത്തും വിദേശത്തുമുള്ള യാത്രകൾ ദുരൂഹവും ധൂർത്തുമാണ്. ഇതുസംബന്ധിച്ചു വിജിലൻസ് അന്വേഷണം നടത്തണം.
മേയർ എം.കെ. വർഗീസ് ശ്രീലങ്കൻ ടൂറിലായതിനെതുടർന്നാണ് ഇന്നത്തെ കൗൺസിൽ യോഗവും മാസ്റ്റർ പ്ലാൻ യോഗവും മാറ്റിവച്ചത്. ഇന്നു രാവിലെ 11നു നടത്താനിരുന്ന യോഗവും മൂന്നിനുള്ള കൗൺസിൽ യോഗവും മാറ്റിവച്ചതായി കൗൺസിലർമാർക്കും ഉദ്യോഗസ്ഥർക്കും മേയർ ഒപ്പുവച്ചു നോട്ടീസ് വിതരണം ചെയ്തിട്ടുണ്ട്. വിദേശത്തുള്ള മേയർ എങ്ങനെയാണ് അറിയിപ്പ് നോട്ടീസിൽ ഒപ്പുവച്ചത്. മേയർ സ്ഥലത്തില്ലെങ്കിൽ ഡെപ്യൂട്ടി മേയർ എം.എൽ. റോസിയുടെ അധ്യക്ഷതയിൽ കൗൺസിൽ യോഗം ചേരാമെന്നിരിക്കെ മേയർ അനുവദിച്ചില്ലെന്നു രാജൻ പല്ലൻ ചൂണ്ടിക്കാട്ടി.
മേയറുടെ സൗദി അറേബ്യ യാത്രയൊഴിച്ചുള്ള യാത്രകൾ കൗൺസിലിനെ അറിയിക്കാതെയാണു നടത്തിയിട്ടുള്ളത്. ഇതിനുമുമ്പും മേയർ വിദേശയാത്രകൾ നടത്തിയപ്പോൾ മാസ്റ്റർപ്ലാനുമായും നികുതി വർധനവുമായും ബന്ധപ്പെട്ടു സോണൽ ചർച്ചകളും അദാലത്തുകൾപോലും മാറ്റിവയ്ക്കേണ്ടിവന്നിട്ടുണ്ട്. യോഗം മാറ്റിവയ്ക്കേണ്ടിവന്നതു മേയറുടെ ധിക്കാരപരമായ നടപടിയാണെന്നും രാജൻ ജെ.പല്ലൻ അഭിപ്രായപ്പെട്ടു.