നാലുപേരെ ആക്രമിച്ചു, കാറും ബൈക്കും തകർത്തു; പ്രതി അറസ്റ്റിൽ
1507901
Friday, January 24, 2025 2:01 AM IST
മതിലകം: പുരയിടത്തിലൂടെ വഴിനടക്കുന്നതിനെചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ മതിലകം എമ്മാട് ഒരുകുടുംബത്തിലെ അംഗങ്ങൾ ഉൾപ്പടെ നാലുപേരെ ആക്രമിക്കുകയും കാറും ബൈക്കും തകർക്കുകയുംചെയ്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
എമ്മാട് കളത്തിൽ വീട്ടിൽ രഞ്ജിത്ത്(33)നെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ പ്രതികളായ ശ്രീജിത്ത്, ബാബു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കുറച്ചുമാസംമുമ്പ് കേസിലെ ഒന്നാംപ്രതിയായ ശ്രീജിത്തിനോട് പരാതിക്കാരനായ പ്രദീപ്കുമാർ തന്റെ എമ്മാടുളള പറമ്പിലൂടെ വഴിനടക്കരുത് എന്നുപറഞ്ഞതിലുള്ള വിരോധത്താലായിരുന്നു ആക്രമണം. ഇക്കഴിഞ്ഞ പതിനാറാംതീയതിയായിരുന്നു സംഭവം. വൈകീട്ട് ആറുമണിയോടെ പണികഴിഞ്ഞ് ബൈക്കിൽ വരികയായിരുന്ന പ്രദീപ്കുമാറിനെ എമ്മാട് കളത്തിൽ ക്ഷേത്രത്തിന് സമീപംവച്ച് പട്ടികവടികൊണ്ട് മര്‍ദിക്കുകയായിരുന്നു.
അടിയേറ്റ് മുഖത്തെ എല്ലുപൊട്ടി. സംഭവംകണ്ട് ഓടിയെത്തിയ പ്രദീപിന്റെ അനുജൻ ദിലീപിനും പ്രദീപിന്റെ ഭാര്യ ഷീബയ്ക്കും മർദനമേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുവാനായി എത്തിയ അയൽവാസി നിസാറിന്റെ കാറിന്റെ ചില്ല് പ്രതികൾ കല്ലെറിഞ്ഞ് പൊട്ടിക്കുകയും പട്ടികവടി കൊണ്ട് ബൈക്ക് അടിച്ചുതകർക്കുകയും ചെയ്തു. മതിലകം എസ്ഐ എം.കെ. ഷാജി, എസ്ഐ രമ്യ കാർത്തികേയൻ, എഎസ്ഐ അസ്മാബി എന്നീ പോലീസ് ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്.