അഴീക്കോട് സ്മാരകം മികവിന്റെ ഭാഷാപഠനകേന്ദ്രമാക്കും: മന്ത്രി
1508173
Saturday, January 25, 2025 1:49 AM IST
തൃശൂർ: ഡോ. സുകുമാർ അഴീക്കോട് സ്മാരകവും ഗ്രന്ഥപ്പുരയും സെന്റർ ഓഫ് എക്സലൻസിന്റെ ഭാഗമായി കേരള ലാംഗ്വേജ് നെറ്റ്വർക്കിൽ ഉൾപ്പെടുത്തി ഉന്നതവിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത് ഭാഷാപഠനകേന്ദ്രമാക്കുമെന്നു മന്ത്രി ഡോ. ആർ. ബിന്ദു. അയനം സാംസ്കാരികവേദി, കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസുമായി സഹകരിച്ച് സംഘടിപ്പിച്ച അഴീക്കോട് അനുസ്മരണം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. മനുഷ്യനെക്കുറിച്ചുള്ള ഉത്കണ്ഠയിൽനിന്ന് ഉരുവപ്പെട്ടതാണ് അഴീക്കോടിന്റെ ചിന്തയും പ്രവൃത്തിയുമെന്നു മന്ത്രി കൂട്ടിച്ചേർത്തു.
അഴീക്കോടിന്റെ അനുസ്മരണപരിപാടിയിലാണു ഗ്രന്ഥശേഖരം പൊടിപിടിച്ചുകിടക്കുന്നതു ശ്രദ്ധയിൽപ്പെടുത്തിയത്. ഇതിനുള്ള പ്രതികരണമായാണു മന്ത്രിയുടെ പ്രഖ്യാപനം.
വിവേചനത്തിന്റെ വിഷക്കാറ്റ് കേരളത്തിലേക്കു കടക്കാതെ തടഞ്ഞ അചഞ്ചലമായ സാംസ്കാരിക സാന്നിധ്യമായിരുന്നു അഴീക്കോടെന്നു മുഖ്യപ്രഭാഷണം നടത്തിയ ഡോ. എൻ.ആർ. ഗ്രാമപ്രകാശ് പറഞ്ഞു. കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡേവിസ് ചെങ്ങിനിയാടൻ, അയനം ചെയർമാൻ വിജേഷ് എടക്കുന്നി, അഡ്വ. കെ.ആർ. സുമേഷ്, ഡോ. കെ. കരുണ, ഡോ. സ്വപ്ന സി. കോന്പാത്ത്, മെറിൻ ബേബി, ഫാ. ആന്റോ വട്ടോളി, കെ. ജയകുമാർ, പ്രിൻസിപ്പൽ ഡോ. കെ.എൽ. ജോയ്, അഡ്വ. എം.ആർ. മൗനീഷ് എന്നിവർ പ്രസംഗിച്ചു.
വയനാടിന് ഒരു വീടൊരുക്കാം എന്ന പദ്ധതിയുടെ ഭാഗമായി സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻഎസ്എസ് യൂണിറ്റ് നിർമിച്ചുനൽകുന്ന വീടിനായി അധ്യാപകരും അനധ്യാപകരും വിദ്യാർഥികളും പൂർവവിദ്യാർഥികളും സമാഹരിച്ച നാലുലക്ഷം രൂപ മന്ത്രി ഡോ. ആർ. ബിന്ദു ഏറ്റുവാങ്ങി.