തൃക്കൂരിൽ വെള്ളത്തിലായത് 35,000 നേന്ത്രവാഴകൾ; കടക്കെണിയിൽ കർഷകർ
1444156
Monday, August 12, 2024 1:42 AM IST
പുതുക്കാട്: തോട്ടങ്ങളിൽനിന്ന് വെള്ളമിറങ്ങിയിട്ടും തൃക്കൂരിലെ വാഴ കർഷകരുടെയുള്ളിലെ ആധിയിറങ്ങിയില്ല. കൃഷി വകുപ്പിന്റെ പ്രാഥമിക കണക്കെടുപ്പിൽ 13.4 ഹെക്ടറിലെ 33,500 വാഴകളാണ് വെള്ളപ്പൊക്കത്തില്‍പ്പെട്ടത്. തോട്ടങ്ങളില്‍നിന്നും വെള്ളം ഇറങ്ങിപ്പോയെങ്കിലും വാഴകളുടെ പിണ്ടികളിലെല്ലാം ചീച്ചല് ബാധിച്ചു.
ഇനി വാഴക്കുലകള്‍ വലുതാകില്ലെന്നും വിളവെടുത്താലും വലിയ നഷ്ടം നേരിടുമെന്നും കര്‍ഷകര്‍ പറയുന്നു. വിളവെടുക്കാനാകില്ലെന്നും വാഴക്കുലകള്‍ തോട്ടത്തില്‍തന്നെ വെട്ടിയിടേണ്ട സ്ഥിതിയാണെന്നുമാണ് ചില കര്‍ഷകര്‍ പറയുന്നത്.
പണയപ്പെടുത്തിയും സ്ഥലം പാട്ടത്തിനെടുത്തും കൃഷി നടത്തിയ 90 വാഴക്കര്‍ഷകരാണ് ഇവിടെ പ്രതിസന്ധിയിലായത്. ലക്ഷങ്ങളുടെ നഷ്ടമാണ് പ്രദേശത്തെ കര്‍ഷകര്‍ക്ക് ഇത്തവണത്തെ വെള്ളപ്പൊക്കം വരുത്തിവെച്ചത്.
തൃക്കൂർ പാലത്തുപറമ്പിലെ വാഴത്തോട്ടങ്ങളിലാണ് കര്‍ഷകര്‍ക്കു വലിയ ആഘാതം വരുത്തിവച്ചത്. വാഴയ്ക്ക് പുറെമെ 45 തെങ്ങ്, 150 ജാതിമരം, 60 കുരുമുളക്, 80 അടയ്ക്കമരം എന്നിവയും വെള്ളക്കെട്ടില്‍ നശിച്ചുവെന്ന് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്കില്‍ പറയുന്നു.
കൃത്യമായ കണക്കുകള്‍ തയാറാക്കിവരികയാണെന്നും കൃഷി ഓഫീസര്‍ പറഞ്ഞു.
ഓണവിപണി ലക്ഷ്യമിട്ട് നടത്തിയ വാഴക്കൃഷി വെള്ളത്തിലായതോടെ കര്‍ഷകര്‍ വന്‍ സാമ്പത്തികപ്രതിസന്ധിയിലായി. കൃഷിയെ വെള്ളത്തിലാക്കിയതു പീച്ചി ഡാം അധികൃതരാണെന്നും ഇവര്‍ ആരോപിച്ചു. അര്‍ഹമായ നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.