മെട്രോ സ്റ്റേഷനുകളില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ഒക്ടോബറിൽ
1591522
Sunday, September 14, 2025 4:33 AM IST
കുറഞ്ഞ നിരക്ക് അഞ്ചു രൂപ
കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനുകളോടു ചേര്‍ന്നുള്ള എല്ലാ പാര്‍ക്കിംഗ് ഇടങ്ങളെയും ഏകീകൃത സംവിധാനത്തില്‍ കൊണ്ടുവന്നു പാര്‍ക്കിംഗ് സംവിധാനം സ്മാര്‍ട്ടാക്കുന്ന പദ്ധതി ഒക്ടോബറില്‍ യാഥാര്‍ഥ്യമാക്കാനൊരുങ്ങി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍). ഡിജിറ്റല്‍ സാങ്കേതിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കുറഞ്ഞ നിരക്കില്‍ സേവനം ലഭ്യമാക്കുന്നതാണ് പദ്ധതി. ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി കെഎംആര്‍എല്‍ അറിയിച്ചു.
മെട്രോയുടെ ഓരോ പാര്‍ക്കിംഗ് സ്ഥലങ്ങളിലും വ്യത്യസ്ത കരാറുകാരായിരുന്നു പാര്‍ക്കിംഗ് ഫീസ് വാങ്ങിയിരുന്നത്. പുതിയ സംവിധാനത്തിലേക്ക് മാറുന്നതോടെ ഇത് ഒറ്റ കരാറിന്റെ കീഴില്‍ വരും. തോന്നുംപടി ഫീസ് ഇടാക്കിയിരുന്ന രീതിയിലും മാറ്റം വരും. മാത്രമല്ല ഓരോ പാര്‍ക്കിംഗ് സ്ഥലങ്ങളിലും ഡിജിറ്റല്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് ഒഴിവുള്ള സ്ഥലങ്ങളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.
കാറുകള്‍ക്കും മുച്ചക്രവാഹനങ്ങള്‍ക്കും ആദ്യ രണ്ടു മണിക്കൂറിന് 15 രൂപയും ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ചുരൂപയുമാണ് പുതിയ സംവിധാനത്തില്‍ ഫീസ്. നാലു ചക്ര വാഹനങ്ങള്‍ക്ക് ഓരോ അധിക മണിക്കൂറിനും അഞ്ചു രൂപയും ഇരുചക്ര വാഹനങ്ങള്‍ക്ക് ഓരോ അധിക രണ്ട് മണിക്കൂറിന് അഞ്ചു രൂപയും അധികമായി നല്‍കേണ്ടിവരും.
നിലവില്‍, കാറുകള്‍ക്ക് ആദ്യ രണ്ടു മണിക്കൂറിന് 35 രൂപയും ഇരുചക്ര വാഹനങ്ങള്‍ക്ക് 20 രൂപയുമാണ് വാങ്ങിയിരുന്നത്. ഓരോ അധിക മണിക്കൂറിനും കാറുകള്‍ക്ക് 20 രൂപയും ബൈക്കുകള്‍ക്ക് 10 രൂപയും അധികമായി ഈടാക്കുന്നുണ്ട്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ നിരക്ക് കുറയുകയും പാര്‍ക്കിംഗ് ശാസ്ത്രീയമാകുകയും ചെയ്യും. അതോടൊപ്പം സ്ഥിരം യാത്രക്കാര്‍ക്ക് പ്രതിമാസ പാസ് സൗകര്യവും ഉണ്ടാകും.
പുലര്‍ച്ചെ മെട്രോ സര്‍വീസ് ആരംഭിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പും അവസാന ട്രെയിന്‍ യാത്ര അവസാനിപ്പിച്ച് ഒരു മണിക്കൂര്‍ പൂര്‍ത്തിയാകുന്നതു വരെയുമാണ് പാര്‍ക്കിംഗ് സൗകര്യം. അതുകഴിഞ്ഞ് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല.
ആലുവ, അമ്പാട്ടുകാവ്, കുസാറ്റ്, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം, കലൂര്‍, ഇളംകുളം, തൈക്കൂടം, പേട്ട, വടക്കേക്കോട്ട, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സൗകര്യം വരുന്നത്. മറ്റ് സ്റ്റേഷനുകളില്‍ ഘട്ടഘട്ടമായി പാര്‍ക്കിംഗ് സൗകര്യം ഒരുക്കുമെന്നും കെഎംആര്‍എല്‍ വ്യക്തമാക്കി.