ആര്‍ദ്ര കേരളം : പള്ളുരുത്തിക്കും രായമംഗലത്തിനും പുരസ്കാരം
1591498
Sunday, September 14, 2025 4:04 AM IST
കൊച്ചി: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്കാരം പള്ളുരുത്തി ബ്ലോക്കിനും രായമംഗലം പഞ്ചായത്തിനും. മികച്ച ബ്ലോക്ക് പഞ്ചായത്തിന്റെ വിഭാഗത്തിലാണ് പള്ളുരുത്തിക്ക് പുരസ്കാരം ലഭിച്ചത്. മികച്ച പഞ്ചായത്ത് വിഭാഗത്തിലാണ് രായമംഗലത്തിന് പുരസ്കാരം. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ നടപ്പാക്കിയ പദ്ധതികള്‍ പരിഗണിച്ചാണ് പുരസ്കാരം നല്‍കിയത്.
പള്ളുരുത്തി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒരു കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതെന്ന് ഭരണസമിതി ഭാരവാഹികള്‍ പറഞ്ഞു. ഫിസിയോതെറാപ്പി സെന്റര്‍, അത്യാധുനിക ലബോറട്ടറി, എക്സ്റേ സംവിധാനം, 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം, കിടത്തി ചികിത്സ, സൗജന്യ മരുന്നു വിതരണം, സെക്കൻഡറി പാലിയേറ്റീവ് പരിചരണം, ശുചിത്വം തുടങ്ങി പ്രത്യേകതകള്‍ ഏറെയാണ് പള്ളുരുത്തി കുടുംബാരോഗ്യ കേന്ദ്രത്തില്‍.
ആരോഗ്യരംഗത്തെ വിവിധ പദ്ധതികള്‍ക്കായി രണ്ടു കോടിയോളം രൂപയാണ് 2023-24 വര്‍ഷത്തില്‍ രായമംഗലം പഞ്ചായത്ത് നീക്കിവച്ചത്. പാലിയേറ്റീവ് രോഗികള്‍ക്ക് സമ്പൂര്‍ണ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതോടൊപ്പം തന്നെ സഞ്ചരിക്കുന്ന ആശുപത്രി എന്ന നൂതന പദ്ധതിയും ഇവിടെ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. ഡയാലിസിസ് രോഗികള്‍ക്കായി പ്രത്യേക ചികിത്സാ സഹായവും എറിത്രോപോയറ്റിന്‍ ഇന്ജെക്ഷനും ഡയാലിസിസ് കിറ്റും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഉറപ്പാക്കി.
നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്), കായകല്‍പ്പ്, സ്വരാജ് ട്രോഫി തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ പഞ്ചായത്ത് കരസ്ഥമാക്കിയിട്ടുണ്ട്.