കച്ചേരിത്താഴത്തെ പുതിയ പാലം : സ്ഥലമേറ്റെടുക്കൽ നടപടികൾക്ക് തുടക്കം
1591520
Sunday, September 14, 2025 4:19 AM IST
മൂവാറ്റുപുഴ: കച്ചേരിത്താഴത്ത് പുതിയ പാലം നിര്‍മിക്കുന്നതിനു ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി മാത്യു കുഴല്നാടന് എംഎല്‍എ. മാറാടി വില്ലേജിലെ 11.64 ആര്‍സ് സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്.
സ്ഥലം ഏറ്റെടുപ്പിനായി സ്പെഷല്‍ തഹസില്‍ദാര്‍ (എല്‍എ), എന്‍എച്ച് 1 കാക്കനാടിനെ ചുമതലപ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. രണ്ടു വരിയായി ഗതാഗതം സാധ്യമാക്കുന്ന രീതിയിലാണ് പുതിയ പാലം. കാല്‍നട യാത്രികര്‍ക്ക് നടപ്പാതയും ഉണ്ടാകും.
നിലവില്‍ നാലുവരിയോടെ ടൗണ്‍ റോഡ് വികസന നിര്‍മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും പുതിയ പാലം കൂടി യാഥാര്‍ഥ്യമാകുമ്പോള്‍ മൂവാറ്റുപുഴയിലെ ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസമാണുള്ളതെന്നും എംഎല്‍എ വ്യക്തമാക്കി.
മൂവാറ്റുപുഴയുടെ ഭാവി വികസന സാധ്യതകള്‍ കൂടി മുന്നില്‍ കണ്ടാണ് പദ്ധതി തയാറാക്കിയതെന്ന് എംഎല്‍എ പറഞ്ഞു. മൂവാറ്റുപുഴയുടെ മുഖച്ഛായ തന്നെ മാറ്റുന്ന വികസന പ്രവര്‍ത്തനങ്ങളാണ് നഗരത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും എംഎല്‍എയുടെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭയുടെ പൂര്‍ണപിന്തുണ ഉണ്ടെന്നും, മൂവാറ്റുപുഴയിലെ ഗതാഗതക്കുരുക്കുകള്‍ ഒഴിവാക്കുന്നതിനു വേണ്ടി എംഎല്‍എ സ്വീകരിക്കുന്ന എല്ലാം നടപടികള്‍ക്കൊപ്പവും നഗരസഭ ഉണ്ടാകുമെന്നും നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസും വ്യക്തമാക്കി.