ദുരന്തം വിട്ടൊഴിയാതെ വട്ടപ്പറന്പിൽ കുടുംബം : ഹരിദാസും യാത്രയായി...
1591519
Sunday, September 14, 2025 4:19 AM IST
വാഴക്കുളം: പിരളിമറ്റം പാണപാറ വട്ടപ്പറമ്പിൽ ഹരിദാസിന്റെ മരണം വീട്ടുകാർക്കും നാട്ടുകാർക്കും നടുക്കുന്ന മറ്റൊരു ദുരന്ത ഓർമ. 16 വർഷം മുന്‍പ് ഇടിമിന്നലിന്റെ രൂപത്തിലെത്തിയ ദുരന്തം ഹരിദാസിന്റെ മക്കളുടെ ജീവനെടുത്തിരുന്നു. ഇപ്പോൾ അപകട രൂപത്തിൽ ഹരിദാസിന്റെ ജീവനും നഷ്ടപ്പെട്ടു.
വെള്ളിയാഴ്ച വൈകുന്നേരം വീട്ടിലേക്ക് മടങ്ങുകയായിരുന്ന മേസ്തിരി ജോലിക്കാരനായ ഹരിദാസ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ലോറി തട്ടുകയായിരുന്നു. താഴെ വീണ ഹരിദാസ് ലോറിക്കടിയിൽപ്പെട്ട് മരിച്ചു.
2009 ഓഗസ്റ്റില്‍ നെടുമലയിലെ സ്വന്തം വീടിന് മുമ്പിൽ കട്ടിലിൽ ഹരിദാസും തറയില്‍ കിടന്ന് കുട്ടികളും ടെലിവിഷൻ കണ്ടു കൊണ്ടിരുന്നപ്പോഴാണ് ഇടിമിന്നലിന്റെ രൂപത്തിൽ ദുരന്തമെത്തിയത്. സ്കൂൾ വിദ്യാർഥികളായ അരുണ്‍ദാസും കൃഷ്ണദാസും അന്ന് ഇടിമിന്നലേറ്റ് മരിച്ചു. ഹരിദാസിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.
മക്കൾ നഷ്ടപ്പെട്ട വീടുപേക്ഷിച്ച് ഭാര്യ അജിതയ്ക്കും മകൾ അരുണിമയ്ക്കുമൊപ്പം ഹരിദാസ് പിന്നീട് വാടകവീട്ടിലേക്ക് മാറുകയായിരുന്നു. ഇപ്പോൾ ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയിൽ വിധിയുടെ വിളി കേട്ട് ഹരിദാസും യാത്രയായി.