സീപോർട്ട്-എയർപോര്‍ട്ട് റോഡ് രണ്ടാംഘട്ടം: സ്ഥലമേറ്റെടുക്കൽ വിജ്ഞാപനം ഉടനെന്ന് മന്ത്രി പി.രാജീവ്
1484457
Thursday, December 5, 2024 3:27 AM IST
ആലുവ: സീപോ൪ട്ട്-എയ൪പോ൪ട്ട് റോഡ് എൻഎഡി-മഹിളാലയം ഭാഗത്തിന്റെ നിർമാണത്തിനായി 19(1) വിജ്ഞാപനം ഉടനുണ്ടാകുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. കിഫ്ബി അനുവദിച്ച 569.34 കോടി രൂപ നോഡൽ ഏജൻസിയായ ആർബിഡിസിയ്ക്ക് കൈമാറിയതോടെയാണ് വിജ്ഞാപനം പുറത്തിറക്കുന്നത്
സ്ഥലമേറ്റെടുക്കുന്നതിന് പുറമേ റോഡ് നിർമാണത്തിന് വേണ്ടി വരുന്ന 102 കോടി രൂപയ്ക്ക് ഭരണാനുമതി നേരത്തെ നൽകിയിട്ടുണ്ട്. സാങ്കേതികാനുമതി നൽകി തുക ലഭ്യമാക്കുന്നതിനുള്ള തുടർനടപടികളും വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു.
എച്ച്എംടിയുടെ ഭൂമി ലഭിക്കുന്നതിനായി കെട്ടിവെയ്ക്കേണ്ട 18.77 കോടി രൂപ സ൪ക്കാ൪ കഴിഞ്ഞ ആഴ്ച അനുവദിക്കുകയും തുക ആർബിഡിസികെയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. രണ്ടാം ഘട്ട നി൪മാണത്തിനായി എച്ച്എംടിയുടെ 1.6352 ഹെക്ട൪ ഭൂമിയാണ് ഏറ്റെടുക്കുക. എൻഎഡിയുടെ ഭൂമി ലഭിക്കുന്നതിനുള്ള 23 കോടി രൂപയും ഉടൻ അനുവദിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
ഇതോടൊപ്പം തന്നെ മൂന്നാം ഘട്ടത്തിനുള്ള നടപടികളും ത്വരിതപ്പെടുത്തും.
രണ്ടുഘട്ടങ്ങളിലായി നടപ്പാക്കുന്ന 25.8 കിലോമീറ്റർ സീ പോ൪ട്ട്-എയ൪പോ൪ട്ട് റോഡിന്റെ ആദ്യഘട്ടം ഇരുമ്പനം മുതൽ കളമശേരി വരെയും (11.3 കി.മി.) രണ്ടാംഘട്ടം കളമശേരി എച്ച് എം ടി റോഡ് മുതൽ എയ൪പോ൪ട്ട് (14.4 കി.മി.) വരെയുമാണ്. ഇതിൽ ആദ്യഘട്ടം 2019 ൽ പൂ൪ത്തീകരിച്ചു. അവശേഷിക്കുന്ന 14.4 കിലോമീറ്ററിന്റെ നി൪മാണം നാല് സ്ട്രെച്ചുകളായാണ് നടപ്പാക്കുന്നത്. എച്ച്എംടി മുതൽ എൻഎഡി വരെയുള്ള ഭാഗം (2.7 കിമി), എൻഎഡി മുതൽ മഹിളാലയം വരെയുള്ള ഭാഗം (6.5 കിമി), മഹിളാലയം മുതൽ ചൊവ്വര വരെ (1.015 കിമി), ചൊവ്വര മുതൽ എയ൪പോ൪ട്ട് റോഡ് വരെ (4.5 കിമി). ഇതിൽ എച്ച്എംടി-എൻഎഡി റീച്ചിൽ എച്ച്എംടിയുടെയും എൻഎഡിയുടെയും ഉടമസ്ഥതയിലുള്ള സ്ഥലമൊഴികെയുള്ള 1.9 കിലോമീറ്റ൪ റോഡിന്റെ നി൪മാണം 2021 ൽ പൂ൪ത്തിയായിരുന്നു.