അഴീക്കോട്-മുനമ്പം പാലം: ബോക്സ് ഗർഡർ സ്ഥാപിച്ചു തുടങ്ങി
1575918
Tuesday, July 15, 2025 6:54 AM IST
ചെറായി: തീരദേശ ഹൈവേയിലെ ചേർത്തല - പൊന്നാനി ഇടനാഴിയിലെ ഏറ്റവും വലിയ പാലമായ അഴീക്കോട് -മുനമ്പം പാലത്തിന്റെ സെഗ്മെന്റ് ബോക്സ് ഗർഡറുകൾ സ്ഥാപിച്ചു തുടങ്ങി. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സന്നിധ്യത്തിൽ ആദ്യ ഗർഡർ ഇന്നലെ അഴീക്കോട് ഭാഗത്താണ് സ്ഥാപിച്ചത്. ആകെ 216 ഗർഡറുകളാണ് പാലത്തിനു വേണ്ടത്. 40 എണ്ണത്തിന്റെ നിർമാണം ഇതുവരെ പൂർത്തിയായതോടെയാണ് ഇവ സ്ഥാപിച്ചു തുടങ്ങിയത്.
110 ടണ്ണിലേറെ ഭാരമുള്ള കൂറ്റൻ ഗർഡറുകൾ ഒരു കിലോ മീറ്റർ അകലെയുള്ള നിർമാണശാലയിൽനിന്ന് ട്രെയ്ലറിൽ എത്തിച്ച് ക്രെയിൻ ഉപയോഗിച്ച് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് പാലം നിർമാണത്തിൽ ഇത്തരം ബോക്സ് ഗർഡർ ലോഞ്ചിംഗ് ഉപയോഗിക്കുന്നത്. നിർമാണം വേഗത്തിലാക്കാനും കോൺക്രീറ്റ് മാലിന്യം കായലിൽ വീഴാതിരിക്കാനുമാണിതെന്ന് ചടങ്ങിനു സാക്ഷ്യം വഹിച്ച കൈപ്പമംഗലം എംഎൽഎ എം.എൽ.ഇ.ടി. ടൈസൺ അറിയിച്ചു.
പുരാതന മുസരീസ് കൊടുങ്ങല്ലൂർ തുറമുഖ കവാടമായ ഇവിടത്തെ പ്ര കൃതി സൗന്ദര്യം നേരിട്ട് ആസ്വ ദിക്കാനാവും വിധമാണ് പാലത്തിന്റെ ഡിസൈൻ. അപ്രോച്ച് റോഡ് ഉൾപ്പെടെ 1123 മീറ്റർ നീളവും 15.70 മീറ്റർ വീതിയും പാലത്തിനുണ്ടാവും. ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും 1.80 മീറ്റർ സൈക്കിൾ ട്രാക്കും പാലത്തിനുണ്ട്. കിഫ്ബിയിൽനിന്ന് അനുവദിച്ച 164 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിക്കുന്നത്.