ആയവന എസ്എച്ച് ലൈബ്രറിയുടെ നെൽകൃഷി എട്ടാം വർഷത്തിലേക്ക്
1482665
Thursday, November 28, 2024 4:45 AM IST
മൂവാറ്റുപുഴ: ആയവന എസ്എച്ച് ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തുന്ന നെൽകൃഷി എട്ടാം വർഷത്തിലേക്ക്. നെൽകൃഷിയെ പ്രോത്സാഹിപ്പിക്കാൻ കൃഷി വകുപ്പും സർക്കാരും മുന്നിട്ടിറങ്ങുന്പോൾ അതേറ്റെടുക്കുകയായിരുന്നു ആയവന എസ്എച്ച് ലൈബ്രറിയിലെ പ്രവർത്തകരെല്ലാം. ആയവന വലിയകണ്ടം പാടത്ത് രണ്ടര ഏക്കർ സ്ഥലത്താണ് മുണ്ടകൻ നെൽകൃഷി ചെയ്തിട്ടുള്ളത്. ജ്യോതി വിത്താണ് വിതച്ചിട്ടുള്ളത്. ആയവന കൃഷിഭവന്റെ എല്ലാവിധ മാർഗനിർദേശങ്ങളും സ്വീകരിച്ചാണ് കൃഷി ചെയ്യുന്നത്. ജൈവ വളമാണ് ഉപയോഗിക്കുന്നത്. പഴയകാല രീതിയിൽ പാടം ഉഴുത് മറിച്ച് പാകപ്പെടുത്തിയ ശേഷമാണ് വിത്തിടുന്നത്.
കൊയ്തെടുക്കുന്നതുവരെ കൃഷി സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വവും ലൈബ്രറിയിലെ ഒരുകൂട്ട് പ്രവർത്തകർ ഏറ്റെടുത്തിട്ടുണ്ട്. മുണ്ടകൻ നെൽകൃഷിയുടെ വിത്ത് വിതയുടെ ഉദ്ഘാടനം ലൈബ്രറി പ്രസിഡന്റ് ജോർജ് സി. കാക്കനാട്ട് നിർവഹിച്ചു. ലൈബ്രറി സെക്രട്ടറി രാജേഷ് ജെയിംസ്, വൈസ് പ്രസിഡന്റ് ബിജോ മാത്യു, കൃഷി, അസിസ്റ്റന്റ് സീജ അജീഷ്, ലൈബ്രറി കമ്മിറ്റിയംഗങ്ങളായ സോജൻ മാത്യു, കെ.കെ സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു.