കേരള മൈഗ്രേഷൻ സർവേ സെമിനാർ
1481888
Monday, November 25, 2024 5:05 AM IST
കോതമംഗലം: കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളിൽ മരിച്ച ഇന്ത്യാക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കൃത്യമായ ഇടപെടൽ നടത്താത്ത കേന്ദ്ര സർക്കാരിൽനിന്ന് അവകാശങ്ങൾ നേടിയെടുക്കാൻ തുടർന്നും ശക്തമായ നീക്കം നടത്തുമെന്ന് പ്രവാസി ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.പി. സുനീർ എംപി പറഞ്ഞു.
പ്രവാസി ഫെഡറേഷൻ എറണാകുളം ജില്ലാ കമ്മിറ്റി തട്ടേക്കാട് പക്ഷി സങ്കേതത്തിലെ സലിം അലി ഹാളിൽ നടത്തിയ കേരള മൈഗ്രേഷൻ സർവേ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസി ക്ഷേമനിധിയിൽ വെറും 15 ശതമാനം പ്രവാസികളാണ് ചേർന്നിട്ടുള്ളത്. മറ്റുള്ളവരെ കണ്ടെത്തി ക്ഷേമനിധിയിൽ അംഗങ്ങളാക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി.കെ. രാജീവൻ അധ്യക്ഷത വഹിച്ചു.
ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്റ് ചെയർമാൻ ഇരുദയ രാജൻ, ഭക്ഷ്യ സുരക്ഷാ കമ്മീഷൻ ചെയർമാൻ ജിനു സക്കറിയ ഉമ്മൻ, സിപിഐ സംസ്ഥാന കണ്ട്രോൾ കമ്മീഷൻ അംഗം ഇ.കെ. ശിവൻ, ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, എൻ. അരുണ്‍, പി.കെ. രാജേഷ്, ശാന്തമ്മ പയസ് എന്നിവർ പ്രസംഗിച്ചു.