മണ്ണിനെയും കൃഷിയെയും സ്നേഹിച്ച് കുരുന്നുകൾ
1481881
Monday, November 25, 2024 5:05 AM IST
വാഴക്കുളം: നീറന്പുഴ ഗവ. എൽപി സ്കൂളിൽനിന്നും വളർന്നുവരുന്നത് മണ്ണിനെയും കൃഷിയെയും സ്നേഹിക്കുന്ന കുരുന്നുകൾ. പഠനത്തോടൊപ്പം വിഷരഹിത പച്ചക്കറികളും പഴങ്ങളും നട്ടുവളർത്താൻ ഇവിടുത്തെ വിദ്യാർഥികൾ സമയം കണ്ടെത്തുന്നു. സ്കൂളിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഒരേക്കർ സ്ഥലത്ത് വെണ്ട, തക്കാളി, വഴുതന, മത്തൻ, കൂർക്ക, വാഴ, മുളക്, മല്ലി, കുന്പളങ്ങ, പഴവർഗങ്ങളായ പേര, മാവ്, മൾബറി, റംന്പൂട്ടാൻ, പപ്പായ തുടങ്ങിയവ അധ്യാപകരുടെയും വിദ്യാർഥികളുടെയും പിടിഎയുടെയും നേതൃത്വത്തിൽ കൃഷി ചെയ്ത് വരുന്നു.
എല്ലാ വർഷങ്ങളിലും സ്കൂളിൽ വിവിധയിനം കൃഷികൾ ചെയ്യാറുണ്ടെന്നും ചാണകം, മണ്ണിര കന്പോസ്റ്റുൾപ്പെടെയുള്ള ജൈവവളങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നതെന്നും കൃഷിക്ക് മേൽനോട്ടം നല്കുന്ന അധ്യാപിക മേഴ്സി ജോർജ് പറഞ്ഞു. സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്ന പച്ചക്കറികളെല്ലാം സ്കൂളിൽ തന്നെയാണ് കൃഷി ചെയ്യുന്നത്.
മഞ്ഞള്ളൂർ പഞ്ചായത്തും കൃഷിഭവനും പിടിഎ പ്രസിഡന്റ് മനോജ് കുമാറും എല്ലാവിധ പിന്തണയും നൽകി ഒപ്പമുണ്ടെന്ന് സ്കൂൾ പ്രധാനാധ്യാപിക സീനിയ ഡാനിയേൽ പറഞ്ഞു. കൃഷിയിടത്തിലിറങ്ങി ജൈവ, പാരന്പര്യ രീതിയിൽ കൃഷി ചെയ്യാനും കളപറിക്കാനും, വിത്ത് നടാനും വിളവെടുക്കാനും വിദ്യാർഥികൾക്കും ഏറെ താത്പര്യമാണ്.