ജൈവമാലിന്യ സംസ്കരണം സ്വകാര്യ ഏജൻസിക്ക്
1482663
Thursday, November 28, 2024 4:45 AM IST
കാക്കനാട് : പ്ലാസ്റ്റിക്-ജൈവ മാലിന്യങ്ങൾ കെട്ടിക്കിടന്ന് ദുർഗന്ധപൂരിതമായി മാറിയ തൃക്കാക്കരയിൽ ജൈവമാലിന്യ സംസ്കരണത്തിന് പരിഹാരമൊരുക്കി തൃക്കാക്കര നഗരസഭ.
ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിന്റേതാണ് തീരുമാനം ഇതനുസരിച്ച് നഗരസഭയിലെ വീടുകൾ, ഹോട്ടലുകൾ, ഹോസ്റ്റലുകൾ, ആശുപത്രികൾ, കല്യാണമണ്ഡപങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ജൈവ മാലിന്യം സ്വകാര്യ കമ്പനി സംഭരിച്ച് അവരുടെ ചിലവിൽ മാറ്റുന്ന നൂതന പദ്ധതിയാണ് നഗരസഭയിൽ നടപ്പാക്കുകയെന്ന് നഗരസഭാ ചെയർപേഴ്സൺ രാധാമണിപ്പിള്ള ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ഉണ്ണി കാക്കനാട് എന്നിവർ അറിയിച്ചു.
നിലവിൽ ജൈവമാലിന്യം സംഭരിക്കുന്ന സ്വകാര്യ ഏജൻസിക്ക് കിലോഗ്രാമിന് നിശ്ചിത തുക അങ്ങോട്ടു നൽകിയാണ് ഇതുവരെ ജൈവമാലിന്യം സംഭരിച്ചിരുന്നത്. വീടുകൾക്കും സ്ഥാപനങ്ങൾക്കും ഇനി മുതൽ നിശ്ചിത തുക അധികൃതർ നിശ്ചയിക്കും.
ഇതനുസരിച്ചാവും സ്വകാര്യ ഏജൻസികൾ ഇനി മുതൽ മാലിന്യം ശേഖരിച്ചു കൊണ്ടുപോവുക. ഇതിനായുള്ള പ്രവർത്തനങ്ങൾ വൈകാതെ ആരംഭിക്കും.
ഹരിത കർമസേന
ഇനി മുതൽ ജൈവമാലിന്യം ശേഖരിക്കില്ല
നഗരസഭയിൽ നിലവിൽ ജോലി ചെയ്തു വരുന്നനൂറോളം ഹരിതകർമസേനാംഗങ്ങൾ പ്ലാസ്റ്റിക് മാലിന്യം മാത്രം ശേഖരിച്ചാൽ മതിയെന്ന ശുചിത്വ മിഷന്റെ തീരുമാനപ്രകാരം തൃക്കാക്കര നഗരസഭാ പരിധിക്കുള്ളിലെ വീടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും ജൈവ മാലിന്യം ശേഖരിക്കാനുള്ള ചുമതലയിൽ നിന്നും ഹരിതകർമസേനയെ വിലക്കുമെന്ന് ആരോഗ്യ സ്ഥിരം സമിതിയിൽ തീരുമാനമായതായി ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ഉണ്ണി കാക്കനാട് പറഞ്ഞു.
പ്ലാസ്റ്റിക്ക്മാലിന്യ ശേഖരണത്തിനായി വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുളള ക്യൂ, ആർകോഡുകൾ പ്രകാരം വീട്ടുടമകളും മറ്റും നിശ്ചിത തുക ഫീസായി ഹരിത കർമസേനയ്ക്ക് നൽകണം.
സർക്കാർവക സ്ഥലത്ത്
അത്യാധുനിക
പ്ലാന്റ് സ്ഥാപിക്കും
നഗരസഭാ മന്ദിരത്തിനോട് ചേർന്നുള്ള സർക്കാർ വക ഭൂമിയിൽനിന്നും രണ്ടു ഘട്ടങ്ങളിലായി 75 സെന്റ് സ്ഥലം റവന്യൂ വകുപ്പ് നഗരസഭയ്ക്ക് അനുവദിച്ചത് രണ്ടു മാസം മുൻപാണ്. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് നൽകിയ റിപ്പോർട്ടിന്മേൽ അത്യാധുനിക മാലിന്യ സംസ്കരണ പ്ലാന്റ് നിർമിക്കാനാണ് റവന്യൂ ഭൂമി വിട്ടുകൊടുത്തത്.
നഗരസഭയിലെ 43 ഡിവിഷനുകളിൽ നിന്നായി 200 ടണ്ണോളം പ്ലാസ്റ്റിക് ജൈവ മാലിന്യങ്ങളാണ് നഗരസഭാ വളപ്പിന് ഒരു വിളിപ്പാടകലെയായി സംഭരിച്ചുവരുന്നത്.
തുറസായ സ്ഥലത്ത് കൂട്ടിയിട്ട മാലിന്യങ്ങളിൽ തെരുവുനായകൾ, എലികൾ തുടങ്ങിയുള്ളവയുടെ വിളയാട്ടവും ശക്തമാണ്.
പ്ലാസ്റ്റിക്കും, ജൈവ മാലിന്യവും വേർതിരിക്കാതെ കൂട്ടിയിടുന്നതിനാൽ മഴക്കാലത്ത് കൊതുകുകൾ പെരുകി ചിക്കുൻഗുനിയ, ഡങ്കുപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവയുടെ വ്യാപനവും പെരുകിയിട്ടുണ്ട്.
ഇതിന് പരിഹാരമായിട്ടാണ് പുതിയ പ്ലാന്റിന്റെ പ്രവർത്തനം സമയബന്ധിതമായി പൂർത്തീകരിക്കാൻ തീരുമാനിച്ചതെന്നും രൂപരേഖ തയാറായാൽ ഉടൻ തന്നെ ടെൻഡർ നടപടികൾ പൂർത്തിയാക്കുമെന്നും ദുർഗന്ധരഹിതമായ മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിർമാണം ഉടനെ തന്നെ ആരംഭിക്കുമെന്നും നഗരസഭാധ്യക്ഷ രാധാമണിപ്പിള്ളയും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ഉണ്ണി കാക്കനാടും അറിയിച്ചു.