കാക്കനാടും പരിസരങ്ങളിലും കുടിവെള്ള ക്ഷാമംരൂക്ഷം
1482427
Wednesday, November 27, 2024 5:29 AM IST
കാക്കനാട് : കെട്ടിട നിർമാണത്തിന്റെ മറവിൽ കാക്കനാടും പരിസരങ്ങളിലും വൻ തോതിൽ കരമണ്ണ് ഖനനം ചെയ്തിട്ടും റവന്യു അധികൃതർനടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. അഞ്ചോ, പത്തോ സെന്റു സ്ഥലത്തിന്റെ രേഖകൾ കാണിച്ച് മൈനിംഗ് ആൻഡ് ജിയോളജി വിഭാഗത്തിൽനിന്നും വീടുനിർമാണത്തിനായി അനുമതി വാങ്ങിയ ശേഷം ഏക്കറുകണക്കിനു സ്ഥലത്തുനിന്നും മണ്ണ് ആഴത്തിൽ ഖനനം ചെയ്തു കൊണ്ടു പോകുന്നതു മൂലം കാക്കനാട് അത്താണി മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായതായാണ് പരാതി ഉയരുന്നത്.
അത്താണി ഇംഗ്ഷനു സമീപം റോഡിനോട് ചേർന്ന സ്ഥലത്ത് വീടു നിർമാണത്തിന്റെ മറവിൽ മണ്ണെടുക്കുന്നവർ കാക്കനാട് തൃക്കാക്കര ചിറ്റേത്തുകര, കൊല്ലം കുടിമുകൾ, മനക്കക്കടവ്, തുതിയൂർ മേഖലകളിൽ സ്ഥിരമായി മണ്ണടിക്കുന്ന സംഘത്തിൽപ്പെട്ടവരാണെന്ന് പരിസരവാസികൾ പറയുന്നു.
കൊറിഗേറ്റഡ് ഷീറ്റുകൊണ്ട് നാലുവശവും മറച്ചു മറ്റാരുടെയും ശ്രദ്ധയിൽപ്പെടാത്ത വിധമാണ് ടിപ്പറുകളിൽ ഇവിടെ നിന്നുംവൻതോതിൽ മണ്ണുകടത്തുന്നത്.
സമീപത്തെ വീടിനു അപകട ഭീഷണിയുണ്ടാക്കിയുള്ള മണ്ണെടുപ്പിനെതിരേ വീട്ടുടമ തൃക്കാക്കര വില്ലേജ് ഓഫീസർക്കു പരാതി നൽകിയെങ്കിലും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിനെ സമീപിക്കാനാണ് വില്ലേജ് അധികൃതർ പറഞ്ഞതെന്ന് പരാതിക്കാരൻ പറഞ്ഞു.