പിറവത്ത് പുഴയിൽ ചാടിയ വിദ്യാർഥിനിയെ മൂന്നു യുവാക്കൾ രക്ഷപ്പെടുത്തി
1482137
Tuesday, November 26, 2024 4:59 AM IST
പിറവം: പിറവം പാലത്തിൽനിന്നു പുഴയിൽ ചാടിയ വിദ്യാർഥിനിയെ മൂന്ന് യുവാക്കൾ ചേർന്ന് രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം 3.30 ഓടെയാണ് സംഭവം. പിറവത്തിനടുത്തുള്ള എൻജിനീയറിംഗ് കോളജിലെ ഒന്നാം വർഷ വിദ്യാർഥിനിയാണ് പാലത്തിന്റെ നടപ്പാതയിൽനിന്നു പുഴയിലേക്ക് ചാടിയത്. പാലത്തിന് സമീപം നിന്നിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകനായ ആർ.കെ. അമലാണ് ഉടനെ പാലത്തിൽനിന്നു പുഴയിൽ ചാടിയത്.
തൊട്ടുപിന്നാലെ സുഹൃത്തായ മനു ടി. ബേബിയും ചാടി. ഇരുവരും ചേർന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തി പാലത്തിന് സമീപം പാർക്കിന്റെ താഴെ ഭാഗത്ത് എത്തിച്ചപ്പോഴേക്കും മറ്റൊരു സുഹൃത്തായ എൽദോസ് ബെന്നിയും പുഴയിലേക്കിറങ്ങി കരയ്ക്കെത്തിക്കുകയായിരുന്നു.
അബോധാവസ്ഥയിലായ പെൺകുട്ടിക്ക് പ്രഥമ ശുശ്രുഷ നൽകിയ ശേഷം പിറവം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
തുടർന്ന് വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. വിദ്യാർഥിനി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
രക്ഷപ്പെടുത്തിയ യുവാക്കൾക്ക് പരിക്കേറ്റതിനെത്തുടർന്ന് ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഡിവൈഎഫ്ഐ പ്രവർത്തകരായ ഇവർ പാലത്തിന് സമീപമുള്ള സിപിഎമ്മിന്റെ പാർട്ടി ഓഫീസിന് മുന്നിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണ പരിപാടിയുമായി ബന്ധപ്പെട്ട് വന്നതായിരുന്നു. സംഭവമറിഞ്ഞ് പിറവത്തെ അഗ്നിരക്ഷാസേനയും പോലീസും എത്തിച്ചേർന്നിരുന്നു.