ആലുവയിൽ മോഷ്ടാക്കൾ വിലസുന്നു
1481892
Monday, November 25, 2024 5:05 AM IST
ആലുവ: നഗര-ഗ്രാമീണ വ്യത്യാസമില്ലാതെ ആലുവ മേഖലയിൽ മോഷ്ടാക്കളുടെ ശല്യം വർധിച്ചു. പോലീസ് പട്രോളിംഗ് കാര്യക്ഷമമാകാത്തതാണ് മോഷ്ടാക്കൾ സ്വൈരവിഹാരം നടത്താൻ കാരണമാകുന്നതായി നാട്ടുകാർ ആരോപിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ച മാത്രമായി പന്ത്രണ്ടോളം കേസുകളാണ് ആലുവ മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. വീടുകൾ മാത്രമല്ല ആരാധനാലയങ്ങളും കവർച്ചയ്ക്ക് ഇരയാകുകയാണ്. ചീരക്കട ക്ഷേത്രത്തിലെ ചുറ്റുവിളക്കുകളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്.
വെള്ളിയാഴ്ച ഉളിയന്നൂർ മജിദുൽ മാന്നാർ പള്ളിയിലെ ഓഫീസ് കുത്തിത്തുറന്ന് 1, 80,000 രൂപയും 20,000 രൂപയുടെ വാച്ചുമാണ് മോഷ്ടിച്ചത്. സെക്യൂരിറ്റി ജീവനക്കാരറിയാതെ അകത്ത് കയറാൻ കഴിയുന്ന അതിസമർഥരായ മോഷ്ടാക്കളാണ് ആലുവയിൽ എത്തിയിരിക്കുന്നത്.
നാട്ടുകാർ സഹികെട്ടു മോഷ്ടാക്കളെ നേരിട്ട് പിടികൂടുന്ന സംഭവങ്ങളും നടക്കുന്നുണ്ട്. ആലുവ ചൂർണിക്കര ഐരാർ ഭാഗത്ത് കഴിഞ്ഞ രാത്രി പരിസരത്ത് ചുറ്റി കറങ്ങുകയായിരുന്ന മൂന്നംഗ സംഘത്തിലെ ഒരാളെയാണ് നാട്ടുകാർക്ക് പിടികൂടാനായത്. മറ്റ് രണ്ടുപേർ ഓടി രക്ഷപ്പെട്ടു.
ശിവരാത്രി മണപ്പുറത്ത് മേഞ്ഞ് നടക്കുന്ന പശുക്കളേയും പോത്തുക്കളേയും മോഷ്ടിക്കാനെത്തിയ സംഘത്തെ നാട്ടുകാരാണ് വെള്ളിയാഴ്ച രാത്രി പിടികൂടിയത്.
മൃഗങ്ങളെ വാഹനത്തിൽ കയറ്റുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ വണ്ടി തടഞ്ഞു നിർത്തി പിടികൂടി രണ്ടു പേരെയാണ് പോലീസിന് കൈമാറിയത്.
ദേശീയ പാതയോരത്ത് ആലുവ പറവൂർ കവലയിൽ ആൾ താമസമില്ലാത്ത വീട്ടിലെ മോഷണം ഗൾഫിലിരുന്നാണ് വീട്ടുടമ കണ്ടെത്തിയത്. റോയൽ നഗറിൽ കറുകപ്പാടത്ത് നസീറിന്റെ വീടിന്റെ പിൻവാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാവ് അലമാരയിലുണ്ടായിരുന്ന ഒന്നേകാൽ ലക്ഷത്തോളം രൂപവരുന്ന വളയാണ് മോഷ്ടിച്ചത്. വീട്ടുകാർ ഗൾഫിലിരുന്ന് സിസിടിവി നോക്കിയപ്പോഴാണ് പുലർച്ചെ 2.05 ന് മോഷ്ടാവ് അകത്തു കടക്കുന്ന ദൃശ്യം കണ്ടെത്തിയത്.
തായിക്കാട്ടുകരയിൽ വീട്ടുകാർ പുറത്തു പോയ അഞ്ച് മണിക്കൂർ നേരം നോക്കിയാണ്ആളില്ലാ വീട്ടിൽ പട്ടാപ്പകൽ മോഷണശ്രമം നടന്നത്. തായിക്കാട്ടുകര വാര്യത്ത് വീട്ടിൽ വി.ജെ. ജെയ്സന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. സ്വർണാഭരണങ്ങൾ കിട്ടാത്തതിനാൽ ടാപ്പുകൾ ഊരിയെടുത്ത് മോഷ്ടാവ് രക്ഷപ്പെട്ടു. രാവിലെ എട്ടിനും ഉച്ചയ്ക്ക് ഒന്നിനും ഇടയിലാണ് മോഷണം നടന്നത്.
ആലുവ ടൗൺ പോലീസ് സ്റ്റേഷനിൽ മതിയായ സേനാംഗങ്ങളില്ലായെന്ന പതിവു മൊഴിയാണ് ആലുവ നിവാസികൾക്ക് ലഭിക്കുന്നത്.
പൊതുനിരത്തുകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കാനും പെട്രോളിംഗ് ശക്തമാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പോലീസ്, റസിഡന്റ്സ് അസോസിയേഷനുകൾ തയാറാകണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.