പാടത്തെ മാലിന്യം പഞ്ചായത്ത് നീക്കി
1482434
Wednesday, November 27, 2024 5:29 AM IST
കല്ലൂർക്കാട്: നെൽപ്പാടത്ത് നിക്ഷേപിക്കപ്പെട്ട മാലിന്യം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. കല്ലൂർക്കാട് പഞ്ചായത്തിൽ രണ്ടാം വാർഡിൽ തേനി ഹൈവേയ്ക്ക് സമീപം കൊച്ചുമുട്ടം ഷാജു ജോർജിന്റെ കൃഷിയിടത്തിൽ ഒന്നര മാസം മുമ്പ് നിക്ഷേപിക്കപ്പെട്ട പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ടൺ കണക്കിന് മാലിന്യമാണ് കല്ലൂർക്കാട് പഞ്ചായത്തധികൃതരുടെ നേതൃത്വത്തിൽ ഇന്നലെ നീക്കിയത്.
സ്ഥലം ഉടമ ഷാജു ജോർജ് സ്വന്തം ചെലവിൽ ആരോഗ്യ വകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ സർക്കാർ അംഗീകൃത ഏജൻസിക്ക് മാലിന്യം നീക്കം ചെയ്തു നൽകണമെന്ന് പഞ്ചായത്ത് സെക്രട്ടറി നേരത്തേ കത്തു നൽകിയിരുന്നു. മാലിന്യത്തിൽ നടത്തിയ പരിശോധനയിൽ ലഭിച്ച വിലാസത്തിലുള്ള പാലാരിവട്ടത്തെ ഫുഡ് കോർപ്പറേഷൻ കമ്പനിക്കും പഞ്ചായത്തിൽനിന്ന് നേരിട്ട് കത്തു നൽകിയിരുന്നു. എന്നാൽ നിർദിഷ്ട സമയത്തിനകം ഇതു നീക്കം ചെയ്യാത്തതിനാലാണ് പഞ്ചായത്ത് ഇടപെട്ടത്.
കൊല്ലം ആസ്ഥാനമായുള്ള ഗ്രീൻ കേരള കമ്പനിയാണ് മാലിന്യ നീക്കം നടത്തുന്നത്. പഞ്ചായത്തി രാജ് നിയമപ്രകാരം വിവിധ വകുപ്പുകളനുസരിച്ച് ചുമത്തിയ 70,000 രൂപ പിഴയും മാലിന്യ നീക്കത്തിന് ആവശ്യമായ ചെലവുകളും സ്ഥലമുടമയിൽനിന്നും ഫുഡ് കോർപ്പറേഷൻ കമ്പനിയിൽനിന്നും ഈടാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുജിത് ബേബി പറഞ്ഞു.
മാലിന്യത്തിന് കിലോയ്ക്ക് 10 രൂപ നിരക്കിലാണ് ഗ്രീൻ കേരള കമ്പനി മാലിന്യ നീക്കം നടത്തുന്നത്. മാലിന്യ നീക്കത്തിന് അടിയന്തര നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് മുൻ പ്രസിഡന്റ് ജോർജ് ഫ്രാൻസിസ് തെക്കേക്കരയുടെ നേതൃത്വത്തിൽ പഞ്ചായത്തംഗങ്ങളായ ജാൻസി ജോമി, സണ്ണി സെബാസ്റ്റ്യൻ, ഡെൽസി ലൂക്കാച്ചൻ എന്നിവർ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് സത്യഗ്രഹം നടത്തിയിരുന്നു.