കലാപൂരത്തിന് ഇന്ന് തിരിതെളിയും
1481880
Monday, November 25, 2024 5:05 AM IST
കൊച്ചി: കൗമാരപ്രതിഭകളുടെ കലാമാമാങ്കത്തിന് ഇന്ന് കുറുപ്പംപടിയില്‍ തിരിതെളിയും. എംജിഎം എച്ച്എസ്എസില്‍ രാവിലെ ഒമ്പതിന് ഡിഡിഇ ഹണി ജി. അലക്സാണ്ടര്‍ പതാക ഉയര്‍ത്തും. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ എംജിഎം എച്ച്എസ്എസിലെ 15 ക്ലാസ്മുറികളിലായി രാവിലെ ഒമ്പതു മുതല്‍ രചനാമത്സരങ്ങള്‍ ആരംഭിക്കും.
എംജിഎം സ്കൂള്‍ ഗ്രൗണ്ട്, എംജിഎം എച്ച്എസ്എസ് ഒന്നാംനില ഹാള്‍, എംജിഎം എച്ച്എസ്എസ് രണ്ടാംനില ഹാള്‍, രായംഗലം പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, ഫാസ് കുറുപ്പംപടി, ഡയറ്റ് ഹാള്‍ എന്നിവിടങ്ങളിലെ വേദികളില്‍ നാടന്‍പാട്ട്, നങ്ങ്യാര്‍കൂത്ത്, ചാക്യാര്‍കൂത്ത്, കൂടിയാട്ടം, മോണോ ആക്ട്, മിമിക്രി, പൂരക്കളി, യക്ഷഗാനം, തമിഴ്–കന്നട പദ്യം, പ്രസംഗം മത്സരങ്ങളും ആദ്യദിനം നടക്കും. അറബിക് കലോത്സവം, സംസ്കൃതോത്സവം എന്നിവയ്ക്കും തുടക്കമാകും. നാളെ രാവിലെ ഒമ്പതിന് എംജിഎം എച്ച്എസ്എസില്‍ നടക്കുന്ന ചടങ്ങില്‍ പി. രാജീവ് കലോത്സവം ഉദ്ഘാടനം ചെയ്യും. നടന് രമേഷ് പിഷാരടി, പ്രേമലു ഫെയിം സംഗീത് പ്രതാപ് (അമൽ ഡേവിസ്), കുമാരി ദേവനന്ദ എന്നിവരും പങ്കെടുക്കും.
അഞ്ചു ദിവസം 15 വേദികളിലായി നടക്കുന്ന കലോത്സവത്തില്‍ 351 ഇനങ്ങളിലായി പതിനായിരത്തോളം കുട്ടികള്‍ പങ്കെടുക്കും. കലോത്സവത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഊട്ടുപുരയുടെ ഉദ്ഘാടനം സെന്റ് മേരീസ് പബ്ലിക് സ്കൂള്‍ ഗ്രൗണ്ടില്‍ ബെന്നി ബഹനാന് എംപി നിര്‍വഹിച്ചു. 500 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാം. തൃപ്പൂണിത്തുറ ഹരി സ്വാമിയുടെ നേതൃത്വത്തിലാണ് പാചകം.
ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് കലോത്സവ നടത്തിപ്പ്.