ഡിജിറ്റൽ റീ സർവേ നടപടികൾ കോതമംഗലം വില്ലേജിൽ ആരംഭിച്ചു
1482650
Thursday, November 28, 2024 4:45 AM IST
കോതമംഗലം: ഡിജിറ്റൽ റീസർവെ നടപടികൾ കോതമംഗലം വില്ലേജിൽ ആരംഭിച്ചു. ആന്റണി ജോണ്‍ എംഎൽഎ ഉദ്ഘാടനം ചെയ്തു.
കോതമംഗലം വില്ലേജ് ഉൾപ്പെടുന്ന 3335 ഹെക്ടറോളം വിസ്തീർണവും, 37600 ഓളം വരുന്ന കൈവശങ്ങളും ഡിജിറ്റൽ സർവേ ആറ് മാസം കൊണ്ട് പൂർത്തീകരിക്കുന്ന കർമ പദ്ധതിയാണ് ഇതുമായി ബന്ധപ്പെട്ട് ആവിഷ്കരിച്ചിട്ടുള്ളത്.
ഡിജിറ്റൽ സർവേ നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കോതമംഗലം സിവിൽ സ്റ്റേഷനിൽ ഡിജിറ്റൽ സർവേ ക്യാന്പ് ഓഫീസ് ആരംഭിച്ചിട്ടുണ്ട്.
സർവെ ഉദ്യോഗസ്ഥർ ഹാജരാവുന്പോൾ ഭൂവുടമസ്ഥർ സർവേ ഉദ്യോഗസ്ഥർക്ക് അവരവരുടെ ഭൂമിയുടെ അതിർത്തി കാണിച്ച് നൽകുകയും അവകാശ രേഖകൾ, കരം അടച്ച രസീത് എന്നിവയുടെ പകർപ്പ് നൽകുകയും ചെയ്യേണ്ടതാണ്.
ഡിജിറ്റൽ സർവെ പൂർത്തീകരിച്ച് കഴിഞ്ഞാൽ ഭൂവുടമകൾക്ക് http://enteboomi.kerala.gov.in എന്ന പോർട്ടൽ സന്ദർശിച്ച് ഭൂമിയുടെ രേഖകളുടെ കൃത്യത ഓണ്‍ലൈനിൽ പരിശോധിക്കുന്നതിനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. നഗരസഭാധ്യക്ഷൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു.