ചാളച്ചാകരയിൽ വള്ളം നിറഞ്ഞിട്ടും മനം നിറയാതെ തൊഴിലാളികൾ
1482431
Wednesday, November 27, 2024 5:29 AM IST
വൈപ്പിൻ: കൊച്ചിയിൽ നിന്ന് കടലിൽ മത്സ്യബന്ധനത്തിനു പോയ ഇൻബോർഡ് വള്ളങ്ങളും കാരിയർ വള്ളങ്ങളും തിരിച്ചെത്തിയത് നിറയെ ചാളയുമായി. ആലപ്പുഴ ഭാഗത്ത് പോയി വലയിട്ട വള്ളങ്ങൾക്കാണ് കോളടിച്ചത്.
വള്ളം നിറയെ ചാള കിട്ടിയിട്ടും കടലിനോട് മല്ലടിച്ച് ഇവയെ വലയിട്ട് പിടിക്കു തൊഴിലാളിക്ക് വെറും പിടികൂലി മാത്രമാണ് ഇന്നലെ ലഭിച്ചത്. തീരക്കടലിൽ ചാളയുടെ ബാഹുല്യം കൂടിയതോടെ മാർക്കറ്റിൽ ഉണ്ടായ വിലയിടിവാണ് ഇതിനു കാരണം. നേരത്തെ കിലോയ്ക്ക് 140 രൂപ വരെ ഉണ്ടായിരുന്ന ചെറിയ ചാളയ്ക്ക് പ്രാദേശിക മാർക്കറ്റുകളിൽ മിക്ക ദിവസവും രണ്ട് കിലോ 100 രൂപ നിരക്കിലാണ് വിൽപ്പന.
തീരക്കടലിൽ ചെറിയ വഞ്ചിക്കാർക്കും ഇപ്പോൾ നിത്യവും വഞ്ചി നിറയെ ചാള കിട്ടുന്നുണ്ട്. ഇതാകട്ടെ ഇവർ തന്നെ റോഡുവക്കിലെത്തിച്ച് ഇടനിലക്കാരില്ലാതെ നേരിട്ടു വിൽക്കുകയാണ്. ഹാർബറുകളിൽ കറി ആവശ്യത്തിനായി വാങ്ങാൻ കച്ചവടക്കാരില്ല. മത്സ്യത്തീറ്റ ഉണ്ടാക്കുന്ന കമ്പനികളുടെ ഏജന്റുമാർ മാത്രമാണത്രേ ഇപ്പോൾ ചാള വാങ്ങുന്നത്. ഇവരാകട്ടെ സംഘടിച്ച് ബോധപൂർവം വിലകുറച്ച് ലേലം വിളിക്കുന്നതാണെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. ഇതിനാൽ ഇന്നലെ 25 രൂപയിൽ താഴെയാണ് വില കിട്ടിയത്. ഇതുമൂലം ആറും എട്ടും ലക്ഷം രൂപ കിട്ടേണ്ട വള്ളങ്ങൾക്ക് മൂന്നോ നാലോ ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.