കാർ മോഷ്ടിക്കാൻ ശ്രമം: പ്രതി കുടുങ്ങി
1482433
Wednesday, November 27, 2024 5:29 AM IST
വൈപ്പിൻ: വാടകയ്ക്ക് എടുത്ത കാർ മറ്റൊരാൾക്ക് പണയത്തിന് നൽകിയ ശേഷം അവിടെ നിന്നും മോഷ്ടിക്കാൻ ശ്രമിച്ച കേസിലെ രണ്ടാംപ്രതിയെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തളിപ്പറമ്പ് കുറ്റ്യാട്ടുർ മൂലക്കൽപുരയിൽ വീട്ടിൽ അശ്വന്താ(25)ണ് അറസ്റ്റിലായത്. പുതുവൈപ്പ് സ്വദേശി സുനിൽ എന്നയാൾ സോഷ്യൽ മീഡിയ ആപ്പ് വഴി 1,50,000 ലക്ഷം രൂപയ്ക്ക് പണയത്തിനെടുത്തതാണ് കാർ. സെപ്റ്റംബർ 13ന് വാഹന കരാറും മറ്റും നൽകി പണയം നൽകിയവർ തന്നെയാണ് വാഹനം സുനിലിന്റെ വീട്ടിൽ എത്തിച്ചത്.
വാടകയ്ക്ക് എടുത്ത വാഹനം നമ്പർ പ്ലേറ്റ് മാറ്റി യഥാർഥ ആർസി ഓണർ എന്ന വ്യാജേനെയാണ് പണയപ്പെടുത്തിയത്. ഇവർ പോയ ശേഷം സുനിൽ വാഹനം സ്റ്റാർട്ടാക്കാൻ ശ്രമിച്ചപ്പോൾ താക്കോൽ ദ്വാരത്തിൽ പേപ്പറും മറ്റും ഇരിക്കുന്നത് കണ്ട് സംശയം തോന്നി. തുടർന്ന് ഇയാൾ വാഹനത്തിന്റെ പിൻചക്രത്തിന്റെ നെട്ടുകൾ ഊരി മാറ്റി.
ഇതിനു ശേഷം വൈകുന്നേരം പ്രതികൾ എത്തി അവരുടെ കൈയിൽ സൂക്ഷിച്ചിരുന്ന താക്കോൽ ഉപയോഗിച്ച് വാഹനം കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും ടയർ ഊരിപ്പോയതിനാൽ ഉദ്യമം വിഫലമായി. തുടർന്ന് സുനിൽ നൽകിയ പരാതിയിൽ ഒന്നാം പ്രതിയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഞാറക്കൽ സിഐ സുനിൽ തോമസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അഖിൽ വിജയകുമാർ, എഎസ്ഐ ആന്റണി ജെയ്സൺ എന്നിവർ ചേർന്നാണ് രണ്ടാം പ്രതിയെ പിടികൂടിയത്.