വന്യജീവി ആക്രമണം പരിഹരിക്കാൻ കേന്ദ്ര സഹായം അനുവദിക്കണം: എംപി
1482437
Wednesday, November 27, 2024 5:29 AM IST
മൂവാറ്റുപുഴ: വന്യജീവി ആക്രമണം പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ ധനസഹായം അനുവദിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി. 620 കോടിയുടെ കേന്ദ്ര സഹായമാണ് കേരളത്തിന് ആവശ്യം. ഇത് സംബന്ധിച്ചു ഡീൻ കുര്യാക്കോസ് എംപി കേന്ദ്ര വനം മന്ത്രിക്ക് നിവേദനം നൽകി.
ഇടുക്കിയുൾപ്പെടെ മലയോര മേഖലയിൽ അതിരൂക്ഷമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കൂടുതൽ പ്രതിരോധ മാർഗങ്ങൾ യാഥാർഥ്യമാക്കുന്നതിന് ധനസഹായം വേണം.
മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിന് പ്രത്യേകം പദ്ധതി തയാറാക്കണം. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളും ജനപ്രതിനിധികളും അടങ്ങുന്ന സമിതി ഇതിനായി രൂപീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 124 പേരാണ് കാട്ടനാ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. 10 ലക്ഷം മാത്രമാണ് ഇത്തരത്തിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് നഷ്ടപരിഹാരമായി ലഭിക്കുന്നത്. ഇത് കൃത്യമായി പലർക്കും ലഭിക്കാറില്ല. ഇതിനായി പ്രത്യേകം ഫണ്ട് ലഭ്യമല്ലെന്നതാണ് നഷ്ടപരിഹാരം അനന്തമായി നീളുന്നതിന്റെ പ്രധാന കാരണം. നഷ്ടപരിഹാരത്തിനുള്ള കേന്ദ്ര വിഹിതം പ്രത്യേകമായി സംസ്ഥാനങ്ങൾക്ക് നൽകണമെന്നും എംപി ആവശ്യപ്പെട്ടു.
മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരണമെന്നും എംപി ആവശ്യപ്പെട്ടു.