ആലുവയിൽ വീണ്ടും മോഷണ പരമ്പര: ഒരാൾ പിടിയിൽ
1482656
Thursday, November 28, 2024 4:45 AM IST
ആലുവ: ഒരാഴ്ച തുടർച്ചയായി ആലുവയിൽ മോഷണങ്ങൾ നടത്തിയ നാലംഗ സംഘത്തെ പിടികൂടിയിട്ടും ഇന്നലെ ആലുവയിൽ വീണ്ടും മോഷണം നടന്നു. പാലസ് റോഡിലെ അദ്വൈതാശ്രമത്തിലും പമ്പ് കവലയിലെ ട്രാവൽസ് ഓഫീസിലുമാണ് മോഷ്ടാക്കൾ കയറിയത്.
അദ്വൈതാശ്രമത്തിലെ ഗുരുമന്ദിരത്തിൽ പൂജാരിയുടെ കാണിക്ക തട്ടിൽ നിന്നും സ്ഥിരമായി പണം മോഷ്ടിക്കുന്നയാൾ പിടിയിൽ. തൃശൂർ സ്വദേശി ജോയി (57) യാണ് പിടിയിലായത്. ഭക്തർ പൂജാരിക്കായി തട്ടിൽ കാണിക്കയായി വയ്ക്കുന്ന പണമാണ് പ്രാർഥിക്കാനെന്ന വ്യാജേന തട്ടിന് മുന്നിലെത്തി ഇയാൾ കവർന്നിരുന്നത്. മോഷണം പതിവായതോടെ സിസിടിവി നിരീക്ഷിച്ചാണ് ഇയാളെ ഭക്തർ കുടുക്കിയത്. ഇയാളെ ആലുവ പോലീസിന് കൈമാറി.
ആലുവ പമ്പ് ജംഗ്ഷനിൽ ഉള്ള ഒഎസ്എ ട്രാവൽസ് ഓഫീസിൽ ഇന്നലെ പുലർച്ചെ വാതിൽ കുത്തിപ്പൊളിച്ചാണ് മോഷണശ്രമം നടന്നത്.
ഓഫീസിലെ സേഫും അലമാരയും എല്ലാം കുത്തിപ്പൊളിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല. പണം ഒന്നും ഓഫീസിൽ ഇല്ലായിരുന്നതിനാൽ മോഷ്ടാവ് നിരാശനായി മടങ്ങി. സ്ഥാപന ഉടമ ആലുവ ടൗൺ പോലീസിൽ പരാതി നൽകി.