മുളവൂർ തോട് നവീകരണം തുടങ്ങി
1482136
Tuesday, November 26, 2024 4:59 AM IST
മൂവാറ്റുപുഴ: മുളവൂർ തോടിലെ ആട്ടായം പ്രദേശത്തെ വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തോട് നവീകരണത്തിന് തുടക്കമായി. ജില്ല പഞ്ചായത്തിൽനിന്ന് അനുവദിച്ച എട്ട് ലക്ഷം മുടക്കിയാണ് തോട് നവീകരിക്കുന്നത്. മുളവൂർ തോടിലെ കടാരിക്കുഴി തൈക്കാവ് മുതൽ പെരുമറ്റം പാലം വരെയുള്ള ഭാഗമാണ് നവീകരിക്കുന്നത്.
തോടിന്റെ ഇരുവശങ്ങളിലേയും കാടുകൾ വെട്ടിതെളിച്ച് ചെളി കോരി നീക്കം ചെയ്ത് ആഴം വർധിപ്പിക്കുന്നതാണ് പദ്ധതി. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തോടിന്റെ ആഴം കണക്കാക്കി ചെളിയുടെ അളവ് എടുത്ത് കഴിഞ്ഞു. നിർമാണ പ്രവർത്തനങ്ങൾ ഉടനെ തുടങ്ങുമെന്ന് വാർഡംഗം നിസ മൈതീൻ പറഞ്ഞു.
തോടിന്റെ ഇരുവശങ്ങളും കാടുകയറി മണലും ചെളിയും അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെട്ടതോടെ ചെറിയ മഴ പെയ്താൽ പോലും ആച്ചേരിക്കുടി, വാലടിതണ്ട്, ആട്ടായം പ്രദേശത്തെ വീടുകളിലും കൃഷിസ്ഥലങ്ങളിലും വെള്ളം കയറുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാനാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ വർഷം ഇറിഗേഷൻ വകുപ്പിന്റെ ഓപ്പറേഷൻ വാഹിനി പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നര ലക്ഷം മുടക്കി തോടിൽ നിർമ്മാണം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് എട്ട് ലക്ഷം മുടക്കി തോട് നവീകരിക്കുന്നതെന്നും നിസ മൈതീൻ പറഞ്ഞു.