‘ഡിജിറ്റൽ റീ സർവേ നടപടികൾ ഇന്ന് കോതമംഗലം വില്ലേജിൽ ആരംഭിക്കും’
1482439
Wednesday, November 27, 2024 5:29 AM IST
കോതമംഗലം: സംസ്ഥാനത്ത് മുഴുവൻ വില്ലേജുകളിലും റീ സർവേ നടപടികൾ പൂർത്തീകരിക്കാൻ സർക്കാർ ആവിഷ്കരിച്ച ഡിജിറ്റൽ റീ സർവേ പദ്ധതിയുടെ ഭാഗമായിട്ടുള്ള നടപടികൾ ഇന്ന് കോതമംഗലം വില്ലേജിൽ ആരംഭിക്കുമെന്ന് ആന്റണി ജോണ്‍ എംഎൽഎ അറിയിച്ചു. കോതമംഗലം വില്ലേജ് ഉൾപ്പെടുന്ന 3335 ഹെക്ടറോളം വിസ്തീർണവും 37600 വരുന്ന കൈവശങ്ങളും ഉൾപ്പെടുന്ന ഡിജിറ്റൽ സർവേ ആറ് മാസം കൊണ്ട് പൂർത്തീകരിക്കുന്ന കർമ പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്.
ഡിജിറ്റൽ സർവേ നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കോതമംഗലം സിവിൽ സ്റ്റേഷനിൽ ഡിജിറ്റൽ സർവേ ക്യാന്പ് ഓഫീസ് ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റൽ സർവേ ആരംഭിക്കുന്ന സ്ഥലങ്ങളിൽ സർവേ ഉദ്യോഗസ്ഥർ ഹാജരാവുന്പോൾ ഭൂവുടമസ്ഥർ അവരവരുടെ ഭൂമിയുടെ അതിർത്തി കാണിച്ച് നൽകുകയും അവകാശ രേഖകൾ, കരം അടച്ച രസീത് എന്നിവയുടെ പകർപ്പ് നൽകുകയും ചെയ്ത് കുറ്റമറ്റ രീതിയിൽ ഡിജിറ്റൽ സർവേ ചെയ്യുന്നതിന് അവസരമൊരുക്കേണ്ടതാണ്.
ഡിജിറ്റൽ സർവേ പൂർത്തീകരിച്ച് കഴിഞ്ഞാൽ ഭൂവുടസ്ഥർക്ക് http://enteboomi.kerala.gov.in എന്ന പോർട്ടൽ സന്ദർശിച്ച് ഭൂമിയുടെ രേഖകളുടെ കൃത്യത ഓണ്‍ലൈനിൽ പരിശോധിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.
കോതമംഗലം മണ്ഡലത്തിൽ ഒന്നാംഘട്ടത്തിൽ സർവേയ്ക്കായി തെരഞ്ഞെടുത്തിരുന്ന പല്ലാരിമംഗലം വില്ലേജിൽ ഡിജിറ്റൽ സർവേ നടപടികൾ നിലവിൽ പൂർത്തീകരിച്ചു. വിവരങ്ങൾ പ്രസിദ്ധീകരിക്കുകയും ജില്ലാ കളക്ടർക്ക് കൈമാറുന്നതിനുള്ള അവസാനഘട്ട ജോലികൾ നടന്നുവരികയാണ്. നിലവിൽ സർവേയുമായി ബന്ധപ്പെട്ട പരാതികൾ റീ സർവേ സൂപ്രണ്ട് പിറവം മേഖല ഓഫീസിൽ ബന്ധപ്പെടണം. ഫോണ്‍: 04852242966.