അമിതഭാരം, അപകടഭീഷണി; തടിലോറികൾക്കെതിരേ പരാതി
1481884
Monday, November 25, 2024 5:05 AM IST
മൂവാറ്റുപുഴ: പ്ലൈവുഡ് മില്ലുകളിലേക്കു തടി കയറ്റിവരുന്ന വാഹനങ്ങൾ അപകട ഭീഷണിയുയർത്തുന്നു. ലോറിക്കു പുറത്തേക്കു തടികൾ തള്ളി നിൽക്കുന്ന വിധത്തിൽ അപകടകരമായാണ് അമിത ഭാരവുമായി തടിലോറികൾ എത്തുന്നത്.
കോതമംഗലം, പെരുന്പാവൂർ, മൂവാറ്റുപുഴ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന പ്ലൈവുഡ് കന്പനികളിലേക്ക് ദിവസവും തടിയുമായി എംസി റോഡ് വഴി അഞ്ഞൂറിലധികം ഭാരവാഹനങ്ങളാണ് എത്താറുള്ളത്. ഇവ പെരുന്പാവൂരിലെ മാർക്കറ്റുകളിലെ വെയ്ബ്രിഡ്ജുകളിൽ തൂക്കം നോക്കി വില നിശ്ചയിച്ചു കഴിഞ്ഞ ശേഷമാണു കന്പനികളിൽ എത്തുന്നത്. വാഹനങ്ങൾ അപകടകരമായ രീതിയിൽ പുറത്തേക്കു തള്ളി നിൽക്കുന്നതും അമിതഭാരം കയറ്റുന്നതുമായി ബന്ധപ്പെട്ട് പരാതികൾ വ്യാപകമാണ്.
വാഹനത്തിൽ ലോഡ് കയറ്റുന്പോൾ ഇവ സുരക്ഷിതമായി പരിചയസന്പത്തുള്ളവരെകൊണ്ട് ബലമുള്ള കയറുകളാൽ ബന്ധിച്ചു സുരക്ഷിതമാക്കണമെന്ന നിയമവും പാലിക്കാറില്ലെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. കയറുകൾ വാഹനത്തിന്റെ അരികുകളിൽ ഉരഞ്ഞു പൊട്ടുന്നത് ഒഴിവാക്കാൻ ഇടയ്ക്കിടെ വാഹനം നിർത്തി പരിശോധിക്കണമെന്നാണ് നിയമം. എന്നാൽ ഇതൊന്നും വാഹന ജീവനക്കാർ ശ്രദ്ധിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
തടി കയറ്റി വരുന്ന വാഹനങ്ങൾ റോഡരികിൽ രാത്രിയിൽ പാർക്ക് ചെയ്യുന്നത് പലപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. വാഹനത്തിന്റെ കാബിൻ ലെവലിൽ മുകളിലേക്കും വശങ്ങളിലേക്കും തടി തള്ളി നിൽക്കരുതെന്ന നിയമവും പലപ്പോഴും കാറ്റിൽപ്പറത്തുകയാണ്. വാഹനങ്ങളുടെ വശങ്ങളിൽ വാണിംഗ് ലൈറ്റുകളും റിഫ്ളക്ടീവ് സ്റ്റിക്കറുകളും സ്ഥാപിച്ചു സുരക്ഷ ഉറപ്പു വരുത്തണമെന്നുള്ളതും പലരും പാലിക്കാറില്ല. അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒ അറിയിച്ചു.