കരുമാലൂരിലെ കർഷകർക്ക് നെല്ലിന്റെ പണം ലഭിക്കാന്‍ നടപടിയെടുക്കുമെന്ന് ജില്ലാകളക്ടര്‍
1482662
Thursday, November 28, 2024 4:45 AM IST
കരുമാലൂർ: നെൽക്കൃഷിക്ക് പേര് കേട്ട കരുമാലൂർ പാടശേഖരത്തിലെ കർഷകർക്ക് സിവിൽസപ്ലൈസിന് കൊടുത്ത നെല്ലിന്റെ പണം ലഭിക്കാൻ വകുപ്പു കളുമായി ആലോചിച്ച് വേണ്ട നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് കർഷകർക്ക് ഉറപ്പു നൽകി. വിളവെടുത്ത് കൊടുത്ത നെല്ലിന്റെ പണംകിട്ടാതെ ദുരിതത്തിലായ കരുമാലൂരിലെ കര്‍ഷകര്‍ ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പണം വേഗത്തിൽ ലഭ്യമാക്കാൻ നടപടിയെടുക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകിയത്.
കരുമാല്ലൂര്‍ പാടശേഖരത്തില്‍ വിരിപ്പുകൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞിട്ട് രണ്ടുമാസമായി. സര്‍ക്കാര്‍ തീരുമാനപ്രകാരം സപ്ലൈകോ നിര്‍ദേശിച്ച മില്ലുകള്‍ക്ക് നെല്ലുമുഴുവന്‍ കൈമാറുകയും ചെയ്തിരുന്നു. ഇത്തവണ കാര്യമായ വിളവുകിട്ടിയില്ല. എങ്കിലും പണം കൃത്യമായി ലഭിക്കുമെങ്കില്‍ നഷ്ടംവരാതെ കടന്നുപോകാമെന്നാണ് കര്‍ഷകര്‍ വിചാരിച്ചിരുന്നത്.
പക്ഷെ പണം ഇതുവരെ കിട്ടിയില്ല. വായ്പയെടുത്ത് കൃഷിയിറക്കിയവര്‍ അതിന്റെ പലിശ കൊടുക്കേണ്ട അവസ്ഥയിലായിരിക്കുകയാണ്.
കരുമാല്ലൂരിലെ 70 കര്‍ഷകരില്‍നിന്നായി 135 ടണ്‍ നെല്ലാണ് സംഭരിച്ചിട്ടുള്ളത്. ഇതിന്റെ ഇനത്തില്‍ 38.24 ലക്ഷം രൂപ കര്‍ഷകര്‍ക്ക് ലഭിക്കണം. പിആര്‍എസ് അടിച്ചുകൊടുത്തിട്ട് ഒരുമാസത്തിലേറെയായി. ഇപ്പോള്‍ അടുത്ത കൃഷിക്ക് കരുമാലൂർ പാടശേഖരത്തിൽ വിത്തുവിതച്ചിരിക്കുകയാണ്. പക്ഷെ ഞാറ് പറിച്ചുനടുവാന്‍ പോലും പണമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് കര്‍ഷകര്‍.
കൂടാതെ നിലം ഒരുക്കുന്നതിനും വളം വയ്പ്പിനും ഇനിയും പണം കർഷകർ കണ്ടെത്തേണ്ടിവരും.
പാടശേഖരസമിതി പ്രസിഡന്റ് ഒ.കെ. ആനന്ദന്, കര്‍ഷകനും കരുമാലൂർ ഗ്രാമ പഞ്ചായത്തംഗവുമായ കെ.എം. ലൈജു എന്നിവര്‍ ചേര്‍ന്ന് ജില്ലാകളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന് നിവേദനം നല്‍കിയത്.
വിഷയം കൃഷിവകുപ്പിന്റേയും സപ്ലൈകോയുടേയും ശ്രദ്ധയില്‍പ്പെടുത്തി അടിയന്തര പരിഹാരമുണ്ടാക്കുമെന്ന് കളക്ടര്‍ കര്‍ഷക പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.