ഉടക്കിട്ട് ദേശീയപാത അഥോറിറ്റി; അമൃത് പദ്ധതി അവതാളത്തിൽ
1482652
Thursday, November 28, 2024 4:45 AM IST
കൊച്ചി: നഗര പുനരുജ്ജീവനത്തിനും പരിവര്ത്തനത്തിനുമായുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃത് ഒന്നാംഘട്ടം അടുത്തമാസം 31 ന് അവസാനിക്കാനിരിക്കെ, രണ്ട് വർക്കുകളുടെ പൂര്‍ത്തീകരണം പ്രതിസന്ധിയില്‍. ദേശീയപാത 66 ലൂടെ പുതിയ പൈപ്പ് സ്ഥാപിക്കുന്ന വർക്കുകളാണ് തടസപ്പെട്ടു കിടക്കുന്നത്. റോഡ് കട്ടിംഗിനുള്ള അനുമതി ദേശീയപാത അഥോറിറ്റി നല്‍കാത്തതാണ് കാരണം.
മരട് ട്രീറ്റ്മെന്റ് പ്ലാന്റില്‍ നിന്ന് ശുദ്ധീകരിച്ച വെള്ളം ചോർച്ചയും തടസങ്ങളുമില്ലാതെ തമ്മനം കുടിവെള്ള ശേഖരണ കേന്ദ്രത്തില്‍ എത്തിക്കുന്നതിനായി 500 എംഎം ഡിഐ പൈപ്പുകള്‍ സ്ഥാപിക്കുന്നതാണ് പദ്ധതി. 421 മീറ്റര്‍ സര്‍വീസ് റോഡിലൂടെയും 3.5 കിലോമീറ്റര്‍ ദേശീയപാതയിലൂടെയും വേണം പൈപ്പുകള്‍ സ്ഥാപിക്കാന്‍. ഇതിനായി റോഡില്‍ കുഴിയെടുക്കാന്‍ എന്‍എച്ച്എഐ അനുവദിക്കുന്നില്ല.
റോഡ് കുഴിച്ച് വെറുതെ പൈപ്പുകള്‍ സ്ഥാപിക്കാതെ ഡക്ട് നിര്‍മിച്ച് അതില്‍ പൈപ്പ് സ്ഥാപിക്കണമെന്നാണ് എന്‍എച്ച്എഐയുടെ നിബന്ധന. ഇത് എസ്റ്റിമേറ്റ് തുകയേക്കാൾ 2.2 കോടി രൂപയോളം അധികം വരും. മാത്രമല്ല, ഡക്ടിലൂടെ പൈപ്പുകള്‍ സ്ഥാപിച്ചാല്‍ ചോർച്ചകൾ അറിയാന്‍ കഴിയില്ലെന്നും പൈപ്പുകളിലെ അറ്റകുറ്റപ്പണികള്‍ക്ക് ബുദ്ധിമുട്ട് നേരിടുമെന്നും ജല അഥോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്‍എച്ച്എഐയുമായി ഒത്തുതീർപ്പിന് പലവട്ടം ശ്രമിച്ചെങ്കിലും അവര്‍ വീട്ടുവീഴ്ചയ്ക്ക് തയാറാകുന്നില്ലെന്നാണ് വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥരുടെ പരാതി.
ഈ മാസമെങ്കിലും അനുമതി ലഭിച്ചില്ലെങ്കില്‍ ഡിസംബര്‍ 31 മുന്‍പായി പണികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയില്ല. അങ്ങനെ വന്നാല്‍ അമൃത് രണ്ടാംഘട്ടത്തിലേക്ക് പദ്ധതി നീട്ടേണ്ടിവരും. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം. മാത്രമല്ല, രണ്ടാംഘട്ടത്തിന്റെ തുക ഇതിനോടകം അനുവദിച്ചിട്ടുള്ളതിനാല്‍ സ്പില്‍ ഓവര്‍ പദ്ധതികള്‍ക്കുള്ള പണം മറ്റ് മാർഗങ്ങളിൽ കണ്ടെത്തേണ്ടിവരും.
ഒന്നാംഘട്ടത്തില്‍ മിച്ചം വരുന്ന തുക ഇതിലേക്ക് വകമാറ്റാനുള്ള സാധ്യതയും വാട്ടര്‍ അഥോറിറ്റി ആരായുന്നുണ്ട്. അതിനും കേന്ദ്രത്തിന്റെ അനുമതി വേണം.
94 വര്‍ക്കുകളുള്ള അമൃത് ഒന്നാം ഘട്ടത്തില്‍ ജല അഥോറിറ്റിയുമായി ബന്ധപ്പെട്ട് നാല് പദ്ധതികളാണ് ഇനിയും പൂര്‍ത്തീകരിക്കാനുള്ളത്. എന്‍എച്ച്എഐയുടെ തടസം മൂലം മുടങ്ങിക്കിടക്കുന്ന രണ്ട് വര്‍ക്കുകള്‍ക്ക് പുറമേ ഇടക്കൊച്ചിയില്‍ ഓവര്ഡഹെഡ് വാട്ടര്‍ടാങ്കിന്റെയും കലൂരില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്റെയും പണികളും പൂര്‍ത്തിയാകേണ്ടതുണ്ട്. ഈ വര്‍ക്കുകള്‍ ഡിസംബര്‍ 31 നു മുന്‍പായി തീര്‍ക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഉദ്യോഗസ്ഥര്‍.
എന്നാല്‍ ദേശീയപാതയിലെ പണികളുടെ കാര്യത്തില്‍ അവര്‍ക്ക് തീരെ പ്രതീക്ഷയില്ല. പുതിയ പൈപ്പുകള്‍ സ്ഥാപിക്കാനായില്ലേല് നിലവിലുള്ള എസി പൈപ്പുകളിലൂടെ തന്നെ വെള്ളം എത്തിക്കേണ്ടിവരും. കാലപ്പഴക്കം ചെന്ന പൈപ്പുകളായതിനാല്‍ ചോർച്ച ഉണ്ടാകും. പൊട്ടല്‍ സംഭവിക്കാനും സാധ്യയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അതിന്റെ ബുദ്ധിമുട്ടും ദേശീയപാത അഥോറിറ്റിക്ക് തന്നെയായിരിക്കുമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.